നിങ്ങള്‍ക്ക് തന്ന സമയം ഏതാണെന്ന് ചോദിച്ച് അദ്ദേഹം ഗെറ്റൗട്ട് അടിച്ചു, ആ ചമ്മല്‍ ഇപ്പോഴും മനസിലുണ്ട്; വേണുഗോപാല്‍

മലയാളികളുടെ പ്രിയഗായകനാണ് ജി. വേണുഗോപാല്‍. മലയാളത്തിലെ മികച്ച പ്രണയഗാനങ്ങളിലൊന്നായ തൂവാനത്തുമ്പികള്‍ റിലീസ് ചെയ്തിട്ട് ഇന്ന് 35 വര്‍ഷം തിയകുകയാണ്. ചിത്രത്തിലെ ഒന്നാം രാഗംപാടി എന്ന ഗാനം ആലപിച്ചത് ജി വേണുഗോപാലും ചിത്രയും ചേര്‍ന്നായിരുന്നു. ഇപ്പോഴിതാ ഈ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്ന സമയത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ജി. വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ഇന്ന് ‘തൂവാനത്തുമ്പികള്‍ ‘ റിലീസായിട്ട് മുപ്പത്തിയഞ്ച് വര്‍ഷം തികയുന്നു. എന്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ ‘ഒന്നാം രാഗം പാടി ‘ യും മദ്ധ്യവയസ്സിലേക്ക്. മദ്രാസ് എവിഎം ആര്‍ആര്‍ആര്‍ സ്റ്റുഡിയോയും, സീനിയര്‍ റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്തും എല്ലാം ഓര്‍മ്മയില്‍ പച്ച പിടിച്ചു നിന്നു ചിരിക്കുന്നു. ആദ്യമായി ഒരു സ്റ്റുഡിയോയില്‍ നിന്ന് ഗെറ്റൗട്ട് അടിക്കപ്പെട്ടതിന്റെ ചമ്മലാണ് പെട്ടെന്ന് മനസ്സില്‍’ എന്നാണ് വേണുഗോപാല്‍ കുറിച്ചത്.

ഏതാണ്ട് പതിമൂന്ന് ദിവസം കൊണ്ടാണ് തൂവാനത്തുമ്പികളിലെ രണ്ട് പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തതെന്നും പെരുമ്പാവൂര്‍ രവിച്ചേട്ടനും, ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യുന്ന മോഹന്‍ സിത്താരയോടുമൊപ്പം പാംഗ്രൂവ് ഹോട്ടലില്‍ പതിമൂന്ന് ദിവസം കഴിഞ്ഞുവെന്നും ശരവേഗത്തില്‍ നിരവധി പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്യപ്പെടുന്ന മദ്രാസ് സ്റ്റുഡിയോകളില്‍, ഈ മന്ദഗതി പലര്‍ക്കും അലോസരമുണ്ടാക്കിയിരുന്നിരിക്കണം എന്നും അദ്ദേഹം പറയുന്നു.

‘റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്ത് ആളൊരു ഇഞ്ചിയും, കൃത്യമായ സമയനിഷ്ഠ പുലര്‍ത്തുന്നയാളുമായിരുന്നു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി സമയത്തിനുള്ളില്‍ പാട്ട് ട്രാക്ക് എടുത്ത് വോയിസ് മിക്‌സ് ചെയ്യണം. രണ്ടാമത്തെ ടേക്കില്‍ പാട്ട് ഓക്കെ ആയി.അന്ന് ചിത്ര വേറൊരു റിക്കാര്‍ഡിംഗ് തിരക്കിലായതിനാല്‍, പത്മ എന്നൊരു ഗായികയാണ് ട്രാക്ക് പാടിയത്, ചിത്രയ്ക്ക് പകരം. ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂര്‍ത്തിയായി. എന്റെ ശബ്ദം ഒന്നുകൂടി എടുത്താല്‍ കൊള്ളാമെന്ന് എനിക്ക് തോന്നി. മടിച്ച് മടിച്ച് ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തി. പെരുമ്പാവൂര്‍ രവിച്ചേട്ടന്‍ ഓക്കെ പറഞ്ഞു. ഈ ഒരു പുതു തീരുമാനം, സ്റ്റുഡിയോ ടൈം വിട്ടൊരു പാട്ട്, അതും തന്റെ അനുവാദം ചോദിക്കാതെ, അത് സമ്പത്തിന് തീരെ പിടിച്ചില്ല. ഒരു കൊടുങ്കാറ്റ് പോലെ സമ്പത്ത് പാഞ്ഞ് വോയിസ് ബൂത്തിലെത്തി, മൈക്ക് ഹോള്‍ഡറില്‍ നിന്ന് മൈക്ക് ഊരി’ എന്നും വേണുഗോപാല്‍ കുറിച്ചു.

നിങ്ങള്‍ക്ക് തന്ന സമയമേതാണ്, ഇപ്പോഴെത്രയാണ് സമയം എന്ന് ചോദിച്ച് അദ്ദേഹം ഗെറ്റൗട്ട് അടിക്കുകയായിരുന്നുവെന്നും ഇതിനിടയില്‍ ഒരു സെക്കന്റ് പോലും പാഴാക്കാതെ സമ്പത്ത് മൈക്ക് ഊരി അതിന്റെ വെല്‍റ്റ് കവറിലിട്ട് വന്ന വേഗത്തില്‍ വെളിയില്‍ പോയെന്നും വേണുഗോപാല്‍ ഓര്‍മ്മിക്കുന്നു. പി്ന്നീട് വേറൊരു സമയത്ത് സ്റ്റുഡിയോ റീബുക്ക് ചെയ്ത് പാട്ട് റിക്കാര്‍ഡിങ്ങ് കര്‍മ്മം നിര്‍വഹിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Aswathy