സീമ ഇനി രണ്ട് കാലില്‍ നടന്ന് സ്‌കൂളിലെത്തും; പത്തു വയസുകാരിക്ക് സഹായവുമായി സോനു സൂദ്

ബോളിവുഡ് നടന്‍ സോനു സൂദ് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ, ബീഹാറിലെ ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിക്ക് അവളുടെ ധാര്‍ഷ്ട്യവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മതിപ്പുളവാക്കുന്ന സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് താരം. സ്‌കൂള്‍…

ബോളിവുഡ് നടന്‍ സോനു സൂദ് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ, ബീഹാറിലെ ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിക്ക് അവളുടെ ധാര്‍ഷ്ട്യവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മതിപ്പുളവാക്കുന്ന സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് താരം. സ്‌കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി ഒറ്റക്കാലില്‍ തന്റെ സ്‌കൂളിലേക്ക് നടക്കാന്‍ പാടുപെടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ശാരീരിക പരിമിതികളില്‍ തളരാതെ വിദ്യാര്‍ത്ഥി ഒരു കിലോമീറ്റര്‍ നടന്നാണ് സ്‌കൂളിലേക്ക് പോകുന്നത്.

ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച ഹിന്ദി വാര്‍ത്താ ചാനല്‍, അപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി വെളിപ്പെടുത്തി. എന്നിരുന്നാലും, ആ അപകടത്തില്‍ തളരാതെ അവള്‍ സ്‌കൂളില്‍ പോകുന്നതിനെ കുറിച്ചും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവളുടെ ധൈര്യത്തെ വാര്‍ത്താ ചാനല്‍ അഭിനന്ദിച്ചപ്പോള്‍, അത് സോനു സൂദിന്റെ ശ്രദ്ധയിലും പെട്ടു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പേരുകേട്ട 48 കാരനായ നടന്‍, പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ പ്രയാസപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നല്‍കി ട്വീറ്റു ചെയ്യുകയായിരുന്നു. ‘ഇനി ഒരു കാലിലല്ല, രണ്ട് കാലുകള്‍ കൊണ്ടും ആവേശത്തോടെ സീമ സ്‌കൂളില്‍ പോകും. ഞാനൊരു ടിക്കറ്റ് അയക്കുകയാണ്. സീമ രണ്ട് കാലുകളില്‍ നടക്കേണ്ട സമയമായി’ എന്നാണ് സോനു സൂദ് ട്വിറ്ററില്‍ കുറിച്ചത്.

പെണ്‍കുട്ടിയുടെ വീഡിയോ വൈറലായതോടെ സൂദ് മാത്രമല്ല, പ്രാദേശിക അധികാരികളും പെണ്‍കുട്ടിയെ സഹായിക്കാന്‍ ഇടപെട്ടു. ജാമുയി ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ട്രൈസൈക്കിള്‍ സമ്മാനിക്കുകയും കൃത്രിമ കാലും വാഗ്ദാനം ചെയ്യുകയും ചെയ്തു. സീമയുടെ അമ്മ ബേബി ദേവിയ്ക്ക് ഇഷ്ടികച്ചൂളയിലാണ് ജോലി. അച്ഛന്‍ ഖീരന്‍ മാഞ്ചി സംസ്ഥാനത്തിന് പുറത്ത് കൂലിപ്പണിയാണ്. ഇത്രയൊക്കെ ദുരിതം നേരിട്ടിട്ടും അവള്‍ ഒരു ദിവസം പോലും ക്ലാസ് മുടക്കാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. പിന്നീട്, ബീഹാര്‍ മന്ത്രി ഡോ. അശോക് ചൗധരിയും പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും വീഡിയോ ഷെയര്‍ ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്യുകയും ചെയ്തു.