സ്‌കൂളിന്റെ ചുറ്റുമതിലിലും വഴികളിലും മുഴുവന്‍ ‘സോറി’; പൊലീസ് അന്വേഷണം തുടങ്ങി

കര്‍ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ ചുറ്റുമതില്‍ മുഴുവന്‍ ‘സോറി’ എന്ന വാക്ക് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്‌കൂളിന്റെ ചുറ്റുമതിലിലും സ്‌കൂളിലേക്കുള്ള വഴിയിലും ക്ഷമാപണം എഴുതിയിട്ടുണ്ട്. ബാംഗ്ലൂരിലെ സുങ്കടക്കാട്ടെയിലാണ് ഈ ദുരൂഹ ചുവരെഴുത്ത് കണ്ടത്. ചുവരെഴുത്ത് ചുവന്ന…

കര്‍ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ ചുറ്റുമതില്‍ മുഴുവന്‍ ‘സോറി’ എന്ന വാക്ക് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്‌കൂളിന്റെ ചുറ്റുമതിലിലും സ്‌കൂളിലേക്കുള്ള വഴിയിലും ക്ഷമാപണം എഴുതിയിട്ടുണ്ട്. ബാംഗ്ലൂരിലെ സുങ്കടക്കാട്ടെയിലാണ് ഈ ദുരൂഹ ചുവരെഴുത്ത് കണ്ടത്.


ചുവരെഴുത്ത് ചുവന്ന നിറത്തിലാണ് എഴുതിയിരിക്കുന്നത്. റോഡിലും ഭിത്തിയിലും നൂറോളം സോറികള്‍ ആണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ടിടത്ത് മാത്രം സോറി പാ, സോറി അമ്മ എന്ന് എഴുതിയിരിക്കുന്നു.

നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. സിസിടിവി പരിശോധിച്ച പോലീസിന് സംഭവസ്ഥലത്ത് നിന്ന് സംശയാസ്പദമായ രീതിയില്‍ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഭക്ഷണം എത്തിക്കുന്നവരുടെ വേഷത്തിലാണ് ഈ യുവാക്കള്‍ ബൈക്കില്‍ എത്തിയത്. ദൃശ്യങ്ങള്‍ അത്ര വ്യക്തമല്ലെങ്കിലും പോലീസ് ഇവരെ പിന്തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. മെയിന്‍ റോഡില്‍ നിന്ന് സ്‌കൂള്‍ ഗേറ്റിലേക്കുള്ള ദൂരം 400 മീറ്ററാണ്. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.