ശ്രീവിദ്യ എല്ലാവരെയും വിശ്വസിച്ചു ; ഉറങ്ങാത്ത രാത്രികൾ ആയിരുന്നു മരിക്കും വരെ നടിക്ക്; ശ്രീലത നമ്പൂതിരി 

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശ്രീവിദ്യ. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ശ്രീവിദ്യ. എന്നാല്‍ കരിയറില്‍ ഉയരങ്ങളിലെത്തിയിട്ടും സന്തോഷമായൊരു കുടും ബജീവിതമോ ആഗ്രഹിച്ചത് പോലെ ജീവിക്കാനോ ശ്രീവിദ്യയ്ക്ക് സാധിച്ചില്ല. സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ് ശ്രീവിദ്യയുടെ പ്രണയവും വിവാഹവും ഒക്കെത്തന്നെ. നാടകീയമായാണ് ശ്രീവിദ്യയുടെ  ജീവിതം പലപ്പോഴും മുന്നോട്ട് പോയത് എന്ന് വേണം പറയാൻ. നടന്‍ കമല്‍ ഹാസനെയും സംവിധായകന്‍ ഭരതനെയുമൊക്കെ സ്‌നേഹിച്ചിരുന്ന ശ്രീവിദ്യയ്ക്ക് പക്ഷേ അവരുടെ കൂടെയൊന്നും ജീവിക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെയായി ശ്രീവിദ്യയുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതിലൊന്ന് നടി ശ്രീലത നമ്പൂതിരിയുടെ വാക്കുകളാണ്. ആദ്യ കാലങ്ങളില്‍ സിനിമയിലും പിന്നീട് ശ്രീവിദ്യ അവസാനമായി അഭിനയിച്ച സീരിയലിലുമൊക്കെ ശ്രീലത നമ്പൂതിരിയും ഒപ്പം അഭിനയിച്ചിരുന്നു. അക്കാലത്ത് തന്റെ ജീവിതത്തെ കുറിച്ചുള്ള പല കാര്യങ്ങളും ശ്രീവിദ്യ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ശ്രീലത. അസുഖം കാരണം ഉറക്കം പോലുമില്ലാതായി പോയ ശ്രീവിദ്യ സമാധാനം കണ്ടെത്തിയത് പാട്ടിലൂടെയാണെന്നാണ് മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീലത പറഞ്ഞത്.

ശ്രീവിദ്യ വളരെ സെന്‍സിറ്റീവാണ്. ആത്മാര്‍ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാട് പേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു. അതാണ് ശ്രീവിദ്യയുടെ ജീവിതത്തില്‍ സംഭവിച്ചത്. കമല്‍ ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ചടക്കം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ശ്രീവിദ്യയുടെ അമ്മ വലിയൊരു പാട്ടുകാരിയാണ്. എന്നാല്‍ ശ്രീവിദ്യ പാടും എന്നല്ലാതെ പാട്ടിനോട് അത്ര താല്‍പര്യം കാണിച്ചിരുന്നില്ല. പിന്നെ അസുഖങ്ങളൊക്കെ വന്നതിന് ശേഷം ഇവിടെ താമസിക്കുമ്പോള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഉറക്കം വരുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സമയത്ത് ഞങ്ങള്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഉറക്കം വരുന്നില്ലെങ്കില്‍ ശ്രീവിദ്യയ്ക്ക് പാട്ട് അറിയാമല്ലോ, അതിലേക്ക് ശ്രദ്ധിക്കാന്‍ പറഞ്ഞു.

പാട്ട് പാടുകയും എഴുതാനുമൊക്കെ തുടങ്ങി. ഇടയ്ക്കിടെ രാഗങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ് കൊടുക്കുമായിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ ഒരു സമാധാനം കണ്ടെത്തിയതെന്നാണ്’, ശ്രീലത നമ്പൂതിരി പറയുന്നത്.  അതേസമയം സൗന്ദര്യത്തിലും അഭിനയത്തിലും ശ്രീവിദ്യയ്‌ക്കൊരു പകരക്കാരിയെ കണ്ടെത്താനാകില്ല. അഭിനേത്രി എന്നതിലുപരിയായി നർത്തകിയും ഗായികയുമൊക്കെ ആയിരുന്നു ശ്രീവിദ്യ. മലയാള സിനിമയില്‍ ഇതുവരെ വന്ന് പോയിട്ടുള്ള നടിമാരെ എടുത്ത് നോക്കിയാല്‍ ഏറ്റവും ശാലീന സുന്ദരിയായി അറിയപ്പെടുന്നത് ശ്രീവിദ്യയെയാണ്. സ്ത്രീത്വത്തിന്റെ ഏറ്റവും മഹനീയമായ ഉദാഹരണം എന്നാണ് നടിയെ വിശേഷിപ്പിക്കപ്പെടാറുള്ളത്. 12 വയസൊക്കെയായപ്പോള്‍ തൊട്ടേ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന പ്രായം കുറഞ്ഞ നര്‍ത്തകിയായി ശ്രീവിദ്യ  മാറിയിരുന്നു. 14-ാം വയസില്‍ സിനിമയില്‍ അഭിനയിച്ചുതുടങ്ങി. വലിയൊരു പാട്ടുകാരിയുടെ മകള്‍ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത നടിയായിട്ടാണ് ശ്രീവിദ്യ വളര്‍ന്നത്. മലയാളത്തിലും തമിഴിലുമടക്കം എണ്ണൂറിലധികം സിനിമകളില്‍ അഭിനയിച്ചു. സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. എങ്കിലും നടിയാകുന്നതിലും നല്ലൊരു കുടുംബിനിയാകാനാണ് ശ്രീവിദ്യ ആഗ്രഹിച്ചത്. നടന്‍ കമല്‍ ഹാസനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചെങ്കിലും ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് ജോര്‍ജ് തോമസ് എന്ന നിര്‍മാതാവിനെ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം വിജയിച്ചില്ല. ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവതം ആഗ്രഹിച്ചെങ്കിലും ശ്രീവിദ്യയ്ക്ക് അത് ലഭിക്കാതെ പോവുകയായിരുന്നു. പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ നടി കേരളത്തിലേക്ക് വരികയായിരുന്നു. തിരുവനന്തപുരത്ത് പിന്നീട് നടി താമസമാക്കിയിരുന്നു.