ക്രിസ്ത്യാനിയുടെ പണം കൊണ്ട് കല്ല്യാണ ചിലവുകള്‍ നടത്തി മുസ്ലിമിന്റെ പണം കൊണ്ട് താലി വാങ്ങി -ഹിന്ദുവായ ഞാന്‍ കാല്ല്യാണം കഴിച്ചു, ശ്രീനിവാസന്‍

ഒരു സാധാരണ മലയാളിയുടെ വീക്ഷണത്തെ സ്വാധീനിച്ച മികച്ച ഒരു തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. ഇപ്പോഴിതാ തന്റെ വിവാഹം നടന്ന കഥ തുറന്ന് പറയുകയാണ് അദ്ദേഹം.

ശ്രീനിവാസന്റെ വാക്കുകള്‍-

‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഞാനും ഇന്നസെന്റും ഒരുമിച്ചായിരുന്നു. അന്ന് പ്രതിഫലം തരാനുള്ള പണം പോലും നിര്‍മാതാവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ രജിസ്റ്റര്‍ വിവാഹം നടത്തുന്നതിന് നാട്ടിലേക്ക് പോവുകയാണെന്ന് ഇന്നസെന്റനെ അറിയിച്ചു. ഇന്നസെന്റിന്റെ കൈയ്യില്‍ അന്ന് പണമുണ്ടായിരുന്നില്ല.

അതുകൊണ്ട് കല്യാണം നടത്തുന്നതിനാവശ്യമായ പണം ചോദിച്ചില്ല. എങ്കിലും വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഇന്നസെന്റ് കുറച്ച് പണം കൈയില്‍ തന്നു. കയ്യില്‍ പണം ഇല്ലാതിരുന്നിട്ടു കൂടി ഈ പണം എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോള്‍ ഇന്നസ്സെന്റ് പറഞ്ഞത് ഭാര്യ ആലീസിന്റെ വള വിറ്റു എന്നാണ്. വീടും പറമ്പും ജപ്തി ചെയ്തത് കൊണ്ട് ഞാന്‍ താമസ്സിച്ചിരുന്നത് വാടക വീട്ടിലായിരുന്നു. ബന്ധുക്കളെയൊക്കെ വിളിച്ച് വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞെങ്കിലും ആരും കല്ല്യാണത്തിന് വരരുതെന്നു പറഞ്ഞിരുന്നു. എന്നാല്‍ ഉറപ്പായും സ്വര്‍ണത്തിന്റെ ഒരു താലി കെട്ടണമെന്ന നിര്‍ബന്ധം അമ്മയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ കൈയില്‍ പണമില്ലാത്തത് കൊണ്ട് ശ്രീനിവാസന്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും സ്വര്‍ണ താലി വേണമെന്നു അമ്മ വാശി പിടിച്ചു. എങ്ങനെയെങ്കിലും സ്വര്‍ണ താലി വാങ്ങാന്‍ പണമുണ്ടാക്കാനുള്ള തത്രപ്പാടായി പിന്നീട്.കണ്ണൂരില്‍ അതിരാത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മമ്മൂട്ടി കണ്ണൂരുണ്ടെന്ന് അറിയുന്നത്. തുടര്‍ന്നു തന്റെ കല്ല്യാണത്തിന് രണ്ടായിരം രൂപയുടെ ആവശ്യമുണ്ടെന്നും മമ്മൂട്ടിയെ അറിയിച്ചു. മമ്മൂട്ടി പണം നല്‍കി, പക്ഷേ ഒരു ആവശ്യം കൂടി മുന്നോട്ട് വച്ചു. രജിസ്റ്റര്‍ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് താനും വരുമെന്ന് മമ്മൂട്ടി അറിയിച്ചു. എന്നാല്‍ കല്യാണത്തിനു മമ്മൂട്ടി വരരുതെന്ന് ഞാന്‍ പറഞ്ഞു. കാരണം മമ്മൂട്ടി വന്നാല്‍ ആളുകള്‍ കൂടും. അതോടെ കല്യാണം കലങ്ങുമെന്ന ഭയമായിരുന്നു. ക്രിസ്ത്യാനിയായ ഇന്നസെന്റിന്റെ ഭാര്യയുടെ വള വിട്ടുകിട്ടിയ പണം കൊണ്ട് കല്ല്യാണ ചിലവുകള്‍ നടത്തി. മുസ്ലിമായ മമ്മൂട്ടി തന്ന പണം കൊണ്ട് താലി വാങ്ങി ഹിന്ദുവായ ഞാന്‍ കാല്ല്യാണം കഴിച്ചു. എന്തു മതം എന്ത് ജാതി..