കണ്ണൂര്‍ ആദ്യ സ്വര്‍ണ കപ്പ് നേടിയപ്പോള്‍ ഞാനുമുണ്ടായിരുന്നു-സുബീഷ് സുധി

കൊല്ലത്ത് നടന്ന 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല സ്വര്‍ണക്കപ്പ് നേടിയിരിക്കുകയാണ്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പ് എത്തുന്നത്. 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കണ്ണൂര്‍ കലോത്സവത്തില്‍ കിരീടം ചൂടിയത്. കണ്ണൂരിന്റെ സുവര്‍ണ്ണ നേട്ടത്തില്‍ തന്റെ കലോത്സവ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ സുബീഷ് സുധി.

1997ല്‍ എറണാകുളത്ത് വെച്ച നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ആദ്യമായി ചാമ്പ്യന്മാരായപ്പോള്‍ താനും അതിന്റെ ഭാഗമായിരുന്നു എന്ന് സുബീഷ് പറയുന്നു. രാമന്തളി സ്‌കൂളിന്റെ ‘അഭയം ഈ ആകാശം’ എന്ന നാടകത്തില്‍ താനുണ്ടായിരുന്നു എന്നാണ് സുബീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അന്നത്തെ ചിത്രവും പങ്കുവച്ചാണ് സുബീഷിന്റെ പോസ്റ്റ്.

62-ാമത് സ്‌കൂള്‍ കലോത്സവം കൊല്ലത്ത് സമാപിച്ചിരിക്കുന്നു. 1997-ല്‍ എറണാകുളത്ത് വച്ച് നടന്ന കലോത്സവത്തില്‍ കണ്ണൂര്‍ ചാമ്പ്യന്മാരായിരുന്നു. അന്ന് ആ കൂട്ടത്തില്‍ ഞാനുണ്ടായിരുന്നു. നാടകത്തിന്.. കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് അന്ന് പങ്കെടുക്കാന്‍ സാധിച്ചിരുന്നു. രാമന്തളി സ്‌കൂളിന്റെ ‘അഭയം ഈ ആകാശം’ എന്നതായിരുന്നു നാടകം.

സുനില്‍ കുന്നരുവിന്റെ[സുനില്‍ മാഷ് ]രചനയില്‍ സുരേന്ദ്രന്‍മാഷ് സംവിധാനം ചെയ്ത ആ നാടകം കാണികള്‍ക്കിടയില്‍ ആവേശം നിരച്ച ഒരു നാടകമായിരുന്നു. ആ വര്‍ഷം തന്നെയാണ് കണ്ണൂര്‍ ചാമ്പ്യന്മാരാവുന്നതും. ചാമ്പ്യന്മാരുടെ ഫോട്ടോയിലൊക്കെ ഞാന്‍ നിന്നിരുന്നു. പക്ഷെ, ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനം അന്നില്ലല്ലോ. (ഫോണും) അതുകൊണ്ട് ഫോട്ടോ സൂക്ഷിച്ച് വയ്ക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോയെടുക്കാന്‍ നല്ല ക്യാമറ പോലുമില്ലാത്ത കാലം.

പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് തിരുവനന്തപുരത്തായിരുന്നു കലോത്സവം.
ആ വര്‍ഷവും രാമന്തളി സ്‌കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ആ കലോത്സവത്തിനെടുത്ത ഫോട്ടോ സുനില്‍ മാഷുടെ ശേഖരത്തില്‍ നിന്ന് എനിക്ക് ലഭിച്ചു. കണ്ണൂര്‍ ചാമ്പ്യന്മാരായപ്പോള്‍ ഓര്‍മ്മയില്‍ വന്നത് പഴയ കലോത്സവക്കാലമാണ്. ചാമ്പ്യന്മാരായ കണ്ണൂര്‍ ജില്ലാ ടീമിന് എല്ലാവിധ ആശംസകളും. ചാമ്പ്യന്‍പട്ടം ലഭിക്കാതെ പോയവര്‍ വീണ്ടും പോരാടുക.
പോരാടുന്നവരുടേതാണ് ലോകം എന്നാണ് സുബീഷ് കുറിച്ചത്.