‘ഒരാൾ മരിച്ചാൽ എത്ര നാൾ ഇരുന്ന് കരയും’ ; വിവാഹ മോചനത്തെപ്പറ്റി നടി സുലക്ഷിണ 

ബാലതാരമായാണ് സുലക്ഷണ എന്ന നടി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. രണ്ടാമത്തെ വയസ്സിൽ കാവ്യതലൈവി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സുലക്ഷണ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതേസമയം 18ാം വയസിലാണ് സുലക്ഷണ വിവാഹിതയാകുന്നത്. സംഗീത സംവിധായകൻ എംഎസ് വിശ്വനാഥന്റെ മകൻ ഗോപികൃഷ്ണനെയാണ് സുലക്ഷണ വിവാഹം ചെയ്തത്. മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായുണ്ടായി. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോൾ സുലക്ഷണ. വിവാഹമോചനത്തിന് ശേഷം മക്കളെ ഒറ്റയ്ക്ക് വളർത്തിയത് താനാണെന്ന് സുലക്ഷണ പറയുന്നു. വിവാഹമോചനം ജീവിതത്തിൽ എടുത്ത ഒരു നല്ല തീരുമാനമായിരുന്നുവെന്നും സുലക്ഷണ വ്യക്തമാക്കി. ഒരു ബന്ധത്തിൽ രണ്ട് പേർ സന്തോഷത്തിൽ അല്ലെങ്കിൽ പിരിഞ്ഞ് പോകുന്നത് എത്ര നല്ലതാണ്. എപ്പോഴും വഴക്കിടുന്നതിന് പകരം സുഹൃത്തുക്കളായി പിരിയാം. പക്ഷെ വിവാഹ മോചനം വേദനിപ്പിക്കുന്നതാണ്. കുട്ടികളെ ബാധിക്കുന്ന തീരുമാനമാണത്. 23 വയസിലാണ് പിരിയുന്നത്. വിവാഹ ജീവിതം ഇല്ലെങ്കിലും കുട്ടികൾക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു.

വേർപിരിയുന്നത് തുടക്കത്തിൽ കാര്യമായി എടുത്തില്ല. പക്ഷെ കോടതിയിൽ വിധി പ്രഖ്യാപനം വന്നപ്പോൾ പാെട്ടിക്കരഞ്ഞു. കാരണം എനിക്കെന്റെ ജീവിതം നഷ്ടപ്പെടുകയായിരുന്നു. അപ്പോൾ ആരൊക്കെ ആശ്വസിപ്പിച്ചിട്ടും കാര്യമില്ല. എന്നാൽ പിന്നീട് മനസിൽ നിന്ന് എല്ലാം മറന്നെന്നും സുലക്ഷണ വ്യക്തമാക്കി. ഒരാൾ മരിച്ചാൽ എത്ര നാൾ ഇരുന്ന് കരയും. അതുപോലെ തന്നെ ഇത്തരം വിഷമ ഘട്ടങ്ങളിലും ബ്രെയ്ൻ ഇവ മറക്കുമെന്നും സുലക്ഷണ ചൂണ്ടിക്കാട്ടി. വിവാഹ മോചനത്തിന് ശേഷം മൂന്ന് മക്കളെയും ഞാൻ തന്നെയാണ് നോക്കിയത്. മുൻ ഭർത്താവിൽ നിന്നും ജീവനാംശം വാങ്ങിയിട്ടില്ല. അതിൽ അഭിമാനവുമുണ്ട്. കല്യാണം കഴിച്ചത് അദ്ദേഹം തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് തരുമെന്ന് കരുതിയല്ല. പ്രണയത്തിന്റെ പേരിൽ കല്യാണം കഴിച്ചു. കുട്ടികളും പിറന്നു. പിന്നെ ജീവനാംശം എന്തിനാണ് തരുന്നതെന്നും സുലക്ഷണ ചോദിച്ചു. ജീവനാശം ചോദിക്കണം, അഞ്ച് ചോദിച്ചാൽ രണ്ട് എങ്കിലും കിട്ടില്ലേ എന്ന് പറഞ്ഞ് വക്കീൽ ഒരുപാട് നിർബന്ധിച്ചിരുന്നു. എനിക്ക് രണ്ട് കാലും കൈയും ഊർജവും ഉണ്ട്. മുന്നോട്ട് ജീവിക്കാൻ പറ്റുമെന്ന ആത്മവിശ്വാസവും ഉണ്ട്. പിന്നെ അദ്ദേഹത്തിന്റെ ജീവനാംശം തനിക്ക് എന്തിനാണെന്ന് അന്ന് താൻ ചോദിച്ചിരുന്നെന്നും സുലക്ഷണ ഓർത്തു. കുട്ടികൾ പിറന്നതിന് ശേഷം കരിയറിൽ നിന്ന് ഗ്യാപ്പ് എടുത്തിരുന്നു.

ഏഴ് വർഷം ജോലിക്ക് പോയില്ല. കുട്ടികളെ നോക്കി ജീവിച്ചു. എന്നാൽ പ്രാക്ടിക്കലായി നോക്കുമ്പോൾ അത് ശരിയല്ലെന്ന് തോന്നിയെന്നും സുലക്ഷണ വ്യക്തമാക്കി. ബാങ്കിലുള്ളതെല്ലാം എടുത്ത് ഭക്ഷണം കഴിച്ചാൽ പിന്നീട് ഒന്നുമുണ്ടാകില്ലെന്നും നടി പറയുന്നു. ഏഴ് വർഷത്തിന് ശേഷം മക്കളു‌ടെ സമ്മതം ചോദിച്ചതിന് ശേഷമാണ് താൻ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്. കുട്ടികൾക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കണം. അച്ഛനുണ്ടെങ്കിൽ വാങ്ങിത്തന്നേനെ എന്ന തോന്നൽ മക്കൾക്ക് വരരുത്. അതുകൊണ്ടാണ് തിരിച്ച് വരാൻ തീരുമാനിച്ചത്. കുറച്ചുകാലം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സുലക്ഷണ ടെലിവിഷൻ സീരിയലുകളിലൂടെയാണ് തീരിച്ചുവന്നത്. ഇപ്പോൾ സീരിയലുകളോടൊപ്പം സിനിമകളിലും സുലക്ഷണ അഭിനയിച്ചു വരുന്നു. തിരിച്ച് വന്ന് അഭിനയിച്ചപ്പോൾ ആദ്യത്തെ രണ്ട് ദിവസം ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും സുലക്ഷണ തുറന്ന് പറഞ്ഞു. കരിയറിൽ തിരക്കേറിയിരുന്ന കാലത്തെക്കുറിച്ചും സുലക്ഷണ സംസാരിച്ചു. സിനിമകളുടെ കഥ കേൾക്കാതെയാണ് അന്ന് അഭിനയിച്ചിരുന്നത്. കഥ കേൾക്കാനുള്ള സമയമൊന്നും അന്നില്ലായിരുന്നെന്നും സുലക്ഷണ വ്യക്തമാക്കി. അതേസമയം ബാലതാരമായി തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സുലക്ഷിണ തുടർന്ന് മലയാള ചിത്രമായ  തുലാഭാരത്തിലും അതിന്റെ തമിഴ്, തെലുങ്കു, ഹിന്ദി റീമെയ്ക്കുകളിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് 14ാം വയസിൽ സുലക്ഷണ ആദ്യമായി നായികയാവുന്നത് 1980-ൽ ശുഭോദയം എന്ന തെലുങ്കു ചിത്രത്തിലാണ്. പിന്നീട് നായിയായി ഒരുപിടി തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട്  സുലക്ഷണ ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കുള്ള നടിയായി മാറി. പിൽക്കാലത്ത് നിരവധി ചിത്രങ്ങളിൽ അമ്മ വേഷങ്ങളും സുലക്ഷണ ചെയ്തു. ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ നടി സുപർണയുടെ ‘അമ്മ ആയെത്തിയത് സുലക്ഷിണ ആയിരുന്നു. ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിൽ സുലക്ഷണ അഭിനയിച്ചിട്ടുണ്ട്.