വരാഹത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം പാലക്കാട്!! വിശേഷങ്ങളുമായി സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരാഹം. സുരേഷ് ഗോപിയുടെ കരിയറിലെ 257-ാമത്തെ ചിത്രമാണ് വരാഹം. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും ചിത്രത്തില്‍ സുരേഷ്…

സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരാഹം. സുരേഷ് ഗോപിയുടെ കരിയറിലെ 257-ാമത്തെ ചിത്രമാണ് വരാഹം. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിക്കും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വരാഹം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ച സന്തോഷവാര്‍ത്തയാണ് സുരേഷ് ഗോപി പങ്കിടുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചാണ് സുരേഷ് ഗോപി അപ്‌ഡേറ്റ് പുറത്തുവിട്ടത്.

മമ്മൂട്ടിയുടെ മാമാങ്കം സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പ്രാചി തെഹ്‌ലാന്‍, നവ്യ നായര്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, സാദ്ദിഖ്, സരയൂ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.