കമ്മീഷണര്‍ ചെയ്ത് കഴിഞ്ഞാണ് മിന്നല്‍ പ്രതാപനായി എത്തിയിരുന്നതെങ്കില്‍ അതിന്റെ അപകടം വലുതായേനെ: സുരേഷ് ഗോപി

വ്യത്യസ്തങ്ങളായ നിരവധി പോലീസ് വേഷങ്ങളില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സുരേഷ് ഗോപി. സ്‌റ്റൈലിഷ് ആക്ഷന്‍ പൊലീസ് വേഷങ്ങളിലൂടെയായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി തിളങ്ങിയത്. സുരേഷ് ഗോപിയുടെ അതിഭാവുകത്വം നിറഞ്ഞ പല പോലീസ് വേഷങ്ങളും…

വ്യത്യസ്തങ്ങളായ നിരവധി പോലീസ് വേഷങ്ങളില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സുരേഷ് ഗോപി. സ്‌റ്റൈലിഷ് ആക്ഷന്‍ പൊലീസ് വേഷങ്ങളിലൂടെയായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി തിളങ്ങിയത്. സുരേഷ് ഗോപിയുടെ അതിഭാവുകത്വം നിറഞ്ഞ പല പോലീസ് വേഷങ്ങളും അവരുടെ ഡയലോഗുകളും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍പ്പുണ്ട്. കമ്മീഷണര്‍, ഏകലവ്യന്‍ പോലുള്ള സിനിമകളില്‍ സുരേഷ് ഗോപി ഇത്തരം ‘ആംഗ്രി യങ് മാന്‍’ പൊലീസുകാരനായെത്തിയെങ്കിലും മമ്മൂട്ടി ചിത്രം മനു അങ്കിളിലെ അദ്ദേഹത്തിന്റെ ‘മിന്നല്‍ പ്രതാപന്‍’ എന്ന അതിഥി വേഷം ആളുകളെ ഏറെ ചിരിപ്പിച്ചിരുന്നു.

സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ പാപ്പന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ കരിയറിലെ പോലീസ് വേഷങ്ങളെക്കുറിച്ച് പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് സുരേഷ് ഗോപി ചെയ്ത മനു അങ്കിളിലെ മിന്നല്‍ പ്രതാപനെന്ന കോമഡി പൊലീസ് കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ പിന്നീടുവന്ന പൊലീസ് വേഷങ്ങളുമായി ചേര്‍ത്ത് നോക്കുമ്പോള്‍ ഏറെ വ്യത്യസ്തമാണ്. ഇപ്പോഴിതാ മിന്നല്‍ പ്രതാപനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അതുവരെ കണ്ടുവന്ന പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നല്ലോ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രം എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

‘അങ്ങനെ പറയരുത്. കാരണം ഞാന്‍ അതിന് മുമ്പ് പൊലീസ് വേഷങ്ങള്‍ കൂടുതല്‍ ചെയ്തിട്ടില്ല. യാഗാഗ്‌നി പോലും ഇത് കഴിഞ്ഞിട്ടാണ് എന്നാണ് തോന്നുന്നത്. പി.സി. 369 എന്ന സിനിമയില്‍ കള്ളനായാണ് അഭിനയിച്ചത്. അത് മനു അങ്കിളിന് മുമ്പാണ്. മനു അങ്കിളില്‍ അഭിനയിക്കുമ്പോള്‍ ഓഡിയന്‍സ് എനിക്ക് അങ്ങനെയൊരു ലിമിറ്റ് വെച്ചിട്ടില്ല. ആ സുരേഷ് ഗോപി, പുതുതായി വരുന്ന ഒരു പയ്യന്‍, അയാള് പല റോളും ചെയ്യുന്നു, ആ കൂട്ടത്തില്‍ മിന്നല്‍ പ്രതാപനെയും ചെയ്തു എന്നേ ഉണ്ടായിരുന്നുള്ളൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

‘ഒരുപക്ഷേ കമ്മീഷണര്‍ സിനിമ ചെയ്ത് കഴിഞ്ഞാണ് ഞാന്‍ മനു അങ്കിള്‍ ചെയ്തിരുന്നതെങ്കില്‍ അതിന്റെ അപകടത്തിന്റെ തോത് എത്രയായിരിക്കുമെന്ന് എനിക്ക് ഇപ്പോള്‍ ഭയപ്പാടോട് കൂടി മാത്രമേ കണക്കുകൂട്ടാന്‍ പറ്റുകയുള്ളൂ. അത് ചെയ്യാന്‍ പറ്റുമായിരുന്നോ എന്ന് പോലും അറിയത്തില്ല.’ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.