നന്ദി പറഞ്ഞ് മോഹൻ ലാൽ ; ‘നേര് ‘ 50 കോടി ക്ലബ്ബിൽ ഇടംനേടി

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് മോഹൻലാൽ. മോഹൻലാൽ ചിത്രം 50 കോടി…

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് മോഹൻലാൽ. മോഹൻലാൽ ചിത്രം 50 കോടി രൂപയിൽ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. എട്ട് ദിവസത്തിനുള്ളിലാണ് ഇത്തരമൊരു നേട്ടമെന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് ലക്ഷ്യമാക്കി തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും  ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ നേര് കണ്ടവര്‍ പോസ്റ്റീവ് റിവ്യൂവുമായി എത്തിയതോടെ തിയറ്ററുകളിലും തിരക്കോട് തിരക്കായി. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ വിജയ മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം കോടികളാണ് ഓരോ ദിവസവും ബോക്സ്ഓഫിസിൽ നിന്നും വാരിക്കൂട്ടുന്നത്. ആഗോള തലത്തിൽ നേര് 50 കോടി ക്ലബിൽ എത്തും എന്ന് നേരത്തെ തന്നെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

നേരിലെ നായകൻ മോഹൻലാൽ തന്നെ  ഔദ്യോഗിക കളക്ഷൻ റിപ്പോർട്ടും പുറത്തു വിട്ടതിനാൽ ആരാധകർ വലിയ ആവേശത്തിലുമാണ്. ആദ്യ വാരം 200 സ്ക്രീനുകളിൽ പ്രദർശനം തുടങ്ങിയ ചിത്രം രണ്ടാം ആഴ്ച 350 ഓളം സ്ക്രീനുകളിൽ കൂടി പ്രദർശനത്തിനെത്തി.വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. വലിയ സസ്പെൻസുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ ഒരുറിയലിസ്റ്റിക്  ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് നേര്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. അഭിഭാഷക കൂടിയായ എഴുത്തുകാരി ശാന്തിയും അഭിനന്ദനങ്ങളര്‍ഹിക്കുന്നുണ്ട്. വളരെ എന്‍ഗേജിങ് ആയിട്ടുള്ള തിരക്കഥയും മേക്കിങ്ങുമാണ് സിനിമയുടേത്.ആദ്യദിനം അഞ്ച് കോടിയ്ക്ക് മുകളിൽ നേടിയ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ സാറയെ അവതരിപ്പിച്ച അനശ്വര രാജന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു. പ്രിയ മണി, ശാന്തി മായാദേവി, സിദ്ദിഖ്, ജഗദീഷ്, ശങ്കർ ഇന്ദുചൂടൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച വേഷപ്പകർച്ച തന്നെയാണ് കാഴ്ച വെച്ചതെന്ന് സിനിമ കണ്ടിറങ്ങിയ ഏവരും ഒരേ സ്വരത്തിൽ പറയുന്നു. ഹീറോ പരിവേഷങ്ങളോ അമിതമായ ട്വിസ്റ്റുകളോ ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ഒന്നൊന്നര ചിത്രമാണിതെന്നാണ് കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. സംവിധായകൻ ജീത്തു ജോസഫിന്റെ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തിയപ്പോഴുള്ള എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതുമായി നേരിന്റെ വൻ വിജയം. അതേസമയം ഡിസംബർ 21ന് ആയിരുന്നു മോഹൻലാൽ ചിത്രം റിലീസ് ചെയ്തത്. ദൃശ്യം ഫ്രാഞ്ചൈസി, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ജീത്തു കോമ്പോ വീണ്ടും ഒന്നിച്ച സിനിമ കൂടിയായിരുന്നു നേര്. ഇതിൽ റാം 2024ൽ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രങ്ങൾ.