മൂന്നു മാസം കൊണ്ട് കൂട്ടിയത് 86 കിലോ, കക്ഷി അമ്മിണിപ്പിള്ള അഭിനയത്രി തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു

കക്ഷി അമ്മിണിപിള്ള എന്ന സിനിമയ്ക്ക് വേണ്ടി ഭാരം വര്‍ധിപ്പിച്ച അഭിനേത്രിയും അവതാരകയുമായ ഷിബ്‌ല തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. കൗമാരത്തില്‍ തന്നെ എനിക്ക് വണ്ണമുണ്ടായിരുന്നു. മധുരത്തോടുള്ള അമിത താല്പര്യമാണ് വണ്ണം കൂട്ടിയത്. ഫാറ്റ് ഈസ് അഗ്ലി എന്നായിരുന്നല്ലോ അന്നത്തെ കണ്‍സെപ്റ്റ്. പലരും കളിയാക്കും. പക്ഷേ, വണ്ണം കുറയ്ക്കാന്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നെ മാസികകള്‍ വായിച്ച് എന്റേതായ രീതിയില്‍ വര്‍ക്കൗട്ട് ചെയ്തു. ഡിഗ്രി കഴിഞ്ഞ സമയത്ത് 53കിലോ   

ആയി. പിന്നീട് ചാനലില്‍ അവതാരകയായി വന്നു. അതിനിടയില്‍ വിവാഹം കഴിഞ്ഞു. ഒന്നോ രണ്ടോ കിലോ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുമെന്നല്ലാതെ വലിയ ഭാരമുണ്ടായിരുന്നില്ല. അപ്പോഴാണ് കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഓഡിഷന്‍ കോള്‍ കാണുന്നത്. വണ്ണമുള്ള നായികയെ വേണമായിരുന്നു അവര്‍ക്ക്. അങ്ങനെ വണ്ണം തോന്നിക്കുന്ന ഫോട്ടോ അയച്ചുകൊടുത്തു. ഓഡിഷന്റെ സെക്കന്‍ഡ് റൗണ്ട് ആയപ്പോള്‍ വണ്ണം കൂട്ടാമോയെന്നായി അവരുടെ ചോദ്യം. വളരെ സന്തോഷത്തോടെയാണ് ഞാന്‍ കാന്തിയായി അഭിനയിക്കാന്‍ ഭാരം കൂട്ടിയത്. മൂന്നുമാസം കൊണ്ട് 86 കിലോയിലെത്തി. കാന്തിയെ പ്രേക്ഷകര്‍ സ്വീകരിച്ചെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

പക്ഷേ വണ്ണം വെച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങി. പി.സി.ഒ.ഡി., ആര്‍ത്തവ ക്രമക്കേടുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ മാനസിക ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കി. വണ്ണം കുറയ്ക്കരുത്, ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ വന്നാലോ എന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നപ്പോള്‍ ഈ വണ്ണം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഷൂട്ടിങ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ കാക്കനാടുള്ള ഫിറ്റ്‌നെസ് ഫോര്‍ എവര്‍ ജിമ്മില്‍ ചേര്‍ന്നു ആദ്യത്തെ ഒരുമാസം നല്ല

ബുദ്ധിമുട്ടായിരുന്നു. ഇത്രയും വണ്ണംവെച്ച് നടക്കാന്‍ പോലും പാടായിരുന്നു. കാര്‍ഡിയോ വ്യായാമങ്ങളും വെയിറ്റ് ട്രെയിനിങ്ങും ചെയ്തുള്ള എച്ച്.ഐ.ഐ.ടി വര്‍ക്കൗട്ടായിരുന്നു ചെയ്തത്. ലോ ഷുഗര്‍ ഡയറ്റും ഫോളോ ചെയ്തു. അങ്ങനെ ഒരുമാസം അഞ്ചുകിലോ കുറച്ചു. മൂന്നുമാസം കൊണ്ട് പതിനഞ്ചുകിലോ കുറഞ്ഞു. ഇപ്പോള്‍ എന്റെ പഴയ കുര്‍ത്തകളൊക്കെ പാകമാണ്. ഭാരം കുറയ്ക്കാനുള്ള ഈ പ്രയത്‌നം നമ്മുടെ മനസ്സും ശരീരവും തമ്മിലുളള ഒരു ഡീലാണ്. അതുറപ്പിച്ചാല്‍ ആര്‍ക്കായാലും വിജയിക്കാനാവും.

Krithika Kannan