പ്രതിഷേധം ശക്തം; വൻ വിവാദമുണ്ടാക്കിയ ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ

വൻ വിവാദമുണ്ടാക്കിയ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ. രാത്രി എട്ട് മണിക്കാണ് ചിത്രത്തിൻറെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിൻറെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദർശൻ അവരുടെ ഫേസ്ബുക്ക്…

വൻ വിവാദമുണ്ടാക്കിയ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ. രാത്രി എട്ട് മണിക്കാണ് ചിത്രത്തിൻറെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിൻറെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദർശൻ അവരുടെ ഫേസ്ബുക്ക് പേജിൽ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്. ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എൽഡിഎഫും യുഡിഎഫും ഒരുങ്ങുകയാണ്. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വൻ വിവാദങ്ങൾ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയിൽ എത്തിയത്. ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോർട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ടിൽ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതിൽ പിന്നോട്ട് വലിച്ചതെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.