‘മധുമാസശലഭമല്ലോ…’ ബഷീറിന്റെ ഭാര്‍ഗവിയായി റിമ; നീലവെളിച്ചം പോസ്റ്റര്‍ പുറത്ത്

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ ഭാര്‍ഗവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നീലവെളിച്ചത്തിലെ ഭാര്‍ഗവിയുടെ പോസ്റ്റര്‍ പുറത്ത്…

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് നീലവെളിച്ചം. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ ഭാര്‍ഗവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നീലവെളിച്ചത്തിലെ ഭാര്‍ഗവിയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പാവാടയും ബ്ലൗസും ധരിച്ച് 80കളിലെ മലയാള സിനിമാ നായികമാരെ അനുസ്മരിപ്പിക്കും വിധമാണ് റിമ പോസ്റ്ററില്‍ പോസ് ചെയ്തിരിക്കുന്നത്. പഴയ പാട്ടുകളിലേതു പോലെയുള്ള സെറ്റും പശ്ചാത്തലമായി കാണാം. മധുമാസശലഭമല്ലോ… എന്ന ക്യാപ്ഷനോടെയാണ് ആഷിക് അബു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ടൊവിനോയുടെ പോസ്റ്ററും പുറത്ത് വന്നിരുന്നു. വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവും കാണാം. തലശ്ശേരിയില്‍ ചിത്രീകരണം തുടരുന്ന നീലവെളിച്ചം ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗവീനിലയത്തിന്റെ പുനഃരാവിഷ്‌കാരമാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം നല്‍കുന്നത്.