‘ഞാന്‍ ഒറ്റ അടി കൊടുത്തിട്ട് പറഞ്ഞു,’ഇനി ഇത്തരം വര്‍ത്തമാനം പറയരുത്’ ; ജയനെപ്പറ്റി ത്യാഗരാജൻ

കാലമെത്ര മുന്നോട്ട് പോയാലും മലയാളികൾ എന്നെന്നും ഓർക്കുന്ന പേരാണ് ജയന്‍ എന്നത്. ആണത്തത്തിന്റെയും ധൈര്യത്തിന്റെയും  ചങ്കൂറ്റത്തിന്റേയുമൊക്കെ പേരാണ് മലയാളികൾക്ക് ജയൻ. ആ പേര് നല്‍കുന്ന ആവേശത്തിന് ഇന്നും ഒരു കുറവുമില്ല. തന്റെ കരിയറിന്റെ സുവര്‍ണ…

കാലമെത്ര മുന്നോട്ട് പോയാലും മലയാളികൾ എന്നെന്നും ഓർക്കുന്ന പേരാണ് ജയന്‍ എന്നത്. ആണത്തത്തിന്റെയും ധൈര്യത്തിന്റെയും  ചങ്കൂറ്റത്തിന്റേയുമൊക്കെ പേരാണ് മലയാളികൾക്ക് ജയൻ. ആ പേര് നല്‍കുന്ന ആവേശത്തിന് ഇന്നും ഒരു കുറവുമില്ല. തന്റെ കരിയറിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നു പോവുമ്പോഴാണ് അപ്രതീക്ഷിത മരണം ജയനെ കവര്‍ന്നെടുക്കുന്നത്. 1980 ലെ നവംബര്‍ മാസത്തിലായിരുന്നു ജയന്റെ മരണം. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നായിരുന്നു മരണം. മലയാള സിനിമയെ നിശ്ചലമാക്കി കളഞ്ഞ സംഭവമായിരുന്നു ആ അപകടം. ഇന്നും ഞെട്ടലോടെയാണ് ആ സംഭവം മലയാളി ഓര്‍ക്കുന്നത്. ഇപ്പോഴിതാ ജയനെക്കുറിച്ചുള്ള സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരജന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മനസ് തുറന്നത്. മലയാള സിനിമയിലെ ഏറ്റവും സീനയറായ സ്റ്റണ്ട് മാസ്റ്ററാണ് ത്യാഗരാജന്‍. 2000 ലധികം സിനിമകളില്‍ സംഘട്ടനം ഒരുക്കിയിട്ടുണ്ട് അദ്ദേഹം.

ജയന് വേണ്ടിയും ഒരുപാട് സിനിമകളില്‍ അദ്ദേഹം സംഘട്ടനം ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊരു അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒരു സീനില്‍ ഓടുന്ന ട്രെയിനില്‍ വന്ന് കയറണം. പക്ഷെ ട്രെയിന്‍ പാസ് ചെയ്തു പോയി. അതോടെ പിടുത്തം മിസ് ആയി. ആള് താഴെ പോയി. ഞാന്‍ എതിര്‍വശത്ത് ക്യാമറ വച്ച് ഒരു ഓപ്പണ്‍ ബോഗിയിലുണ്ടായിരുന്നു. താഴെ വീണതും ഞാനും അറിയാതെ തന്നെ കൂടെ ചാടിപ്പോയി. കുറച്ച് വേഗത്തിലായിരുന്നു. എനിക്കല്‍പ്പം പരുക്ക് പറ്റി. ഞാന്‍ എഴുന്നേറ്റ് ജയന്റെ അടുത്തേക്ക് ഓടി ചെന്നു നോക്കി. ജയന് പരുക്കൊന്നും പറ്റിയിരുന്നില്ല എന്നും ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു. ഓക്കെ, നമുക്ക് ഒന്നു കൂടെ ചെയ്യാം മാസ്റ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു. വേണ്ട വേറെ രീതിയ്ക്ക് എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇല്ല, ഇല്ല ഒന്നു കൂടെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വീണ്ടും ചെയ്തു. ഇത്തവണ ശരിയായി തന്നെ ക്യാച്ച് ചെയ്യുകയും ട്രെയിനില്‍ കയറുകയും ചെയ്തു. അങ്ങനൊരു മനുഷ്യനാണ്. ധീരനായിരുന്നു. ഒരു പേടിയുമില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. എനിക്ക് ടെന്‍ഷന്‍ തോന്നാറുണ്ടായിരുന്നു. അതേസമയം സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ നന്നായി ലഭിച്ചിരുന്നുവെങ്കില്‍ എന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. മുമ്പും പലപ്പോഴും ത്യാഗരാജന്‍ മാസ്റ്റര്‍ ജയനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

അസാമാന്യമായ ധൈര്യവും കരുത്തുമുണ്ടായിരുന്ന നടനായിരുന്നു ജയനെന്നാണ് അദ്ദേഹം നേരത്തെ ഒരു പരിപാടിയില്‍ വച്ച് പറഞ്ഞത്. ഒരു സിനിമയിലും ഡ്യൂപ്പ് ആവശ്യമില്ലായിരുന്നു ജയനെന്നും അദ്ദേഹം പറയുന്നു. തടവറ എന്ന ചിത്രത്തില്‍ കുതിരപ്പുറത്ത് കൈ രണ്ടും വിട്ട് കുന്തമെറിയുന്ന ഒരു സീന്‍ ഉണ്ട്. ഡ്യൂപ്പില്ലാതെ ചെയ്തതാണ്. ഗ്ലാസ് ബ്രേക്കിങ് എല്ലാം സ്വയം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജയന്റെ ജീവനെടുത്ത അപകടത്തിന് മുമ്പുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചിരുന്നു. പീരുമേട്ടിലെ ഒരു ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് കോളിളക്കത്തിലെ സ്റ്റണ്ട് സീന്‍ ചെയ്യാന്‍ അനുവാദം ചോദിക്കുന്നത്. ചെയ്യുന്ന സിനിമ വൈകുമെന്നു കരുതി സമ്മതിച്ചില്ല. ‘നാളെ തന്നെ വിമാനത്തില്‍ ഞാന്‍ തിരിച്ചുവരും, ഇല്ലെങ്കില്‍ എന്റെ ശരീരം വന്നിരിക്കും’ എന്നായിരുന്നു ജയന്റെ മറുപടി. ഞാന്‍ ഒറ്റ അടി കൊടുത്തിട്ട് പറഞ്ഞു, ‘മേലാല്‍ ഇത്തരം വര്‍ത്തമാനം പറയരുതെന്ന്’. ആ ഷൂട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ത്യാഗരാജന്‍ പറയുന്നു. അതേസമയം തങ്ങള്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ച് മരിച്ചു പോയിട്ടും ജയനെ പുതു തലമുറയിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അടുത്തറിയാം. കോമഡി ഷോകളിലും മറ്റും ഇപ്പോഴും ജയന്‍ കയ്യടി നേടുന്നുണ്ട്. തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനുള്ളില്‍ തന്നെ ജയന്‍ സൃഷ്ടിച്ച തരംഗം സമാനതകളില്ലാത്തതാണ്. ഇന്നത്തേത് പോലെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് എത്ര അപകടം പിടിച്ച  ആക്ഷന്‍ രംഗങ്ങളും ജയന്‍ ഡ്യപ്പിലാതെ ചെയ്യുമായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആവേശം തന്നെയായിരുന്നു അതിനാല്‍ ജയന്‍ മലയാളിയ്ക്ക്.