മിന്നല്‍ മുരളിയ്ക്ക് കുറുപ്പ് സമ്മാനിച്ചത് എന്താണെന്ന് കണ്ടോ?

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയായി മിന്നല്‍ മുരളി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍…

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയായി മിന്നല്‍ മുരളി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം. ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ റിലീസായ ദിവസം എടുത്ത മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മിന്നല്‍ മുരളി റിലീസ് ആയതിന് ശേഷം നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോകുന്ന ടോവിനോയുടേയും ബേസിലിന്റെയും വിശേഷങ്ങളാണ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കഭാഗത്താണ് മിന്നല്‍ മുരളിയ്ക്ക് കുറുപ്പ് തന്ന സമ്മാനം എന്താണെന്ന് ടോവിനോ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വാച്ച് ആണ് ദുല്‍ഖര്‍ ടോവിനോയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. അത് അണിഞ്ഞു തന്നെയാണ് ടോവിനോ ആഘോഷ പരിപാടികള്‍ക്കായി പോകുന്നതും. പോകുന്ന വഴി കാറില്‍ വെച്ച് ടോവിനോയും ബേസിലും ചേര്‍ന്ന് മിന്നല്‍ മുരളിയുടെ തുടക്കം മുതലുള്ള കാര്യങ്ങളാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഇതെല്ലാം അടങ്ങിയ ഒരു രസകരമായ വീഡിയോ ആയത്‌കൊണ്ട് തന്നെ ഇതും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

ചിത്രത്തിന്റെ റിലീസിന് മുമ്പ് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ആദ്യ പ്രതികരണങ്ങള്‍ കേട്ട ആഹ്ലാദത്തിലാണ് ഇരുവരുമെന്നും പറയുന്നു. ബേസില്‍ പ്രീമിയറിന്റെ സമയത്ത് കോട്ടൊക്കെ ഇട്ടു വന്ന് സന്തോഷം കൊണ്ട് കരഞ്ഞുവെന്നും ടൊവീനോ വീഡിയോയില്‍ പറയുന്നു.ഇരുവരും മിന്നല്‍ മുരളിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്ന ഐന്‍ ദുബൈയില്‍ എത്തുന്നതും അവിടുത്തെ കാഴ്ചകളും വിഡിയോയിലുണ്ട്. അതേസമയം, നെറ്റ്ഫ്‌ലിക്‌സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെന്‍ ലിസ്റ്റിലും മിന്നല്‍ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്.