പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഭാര്യ ജോര്‍ജിന റോഡ്രിഗസിന്റെയും പെണ്‍കുഞ്ഞിന്റെ പേര് പുറത്തുവിട്ടു. ‘ബെല്ല എസ്മെറാള്‍ഡ’ എന്നാണ് ഇവര്‍ തങ്ങളുടെ കുഞ്ഞിന് പേര് നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ മൂന്ന് സുന്ദരമായ ഫോട്ടോയ്ക്കൊപ്പമാണ് കുഞ്ഞിന് പേര് വെളിപ്പെടുത്തിയത്. ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അരമണിക്കൂറിനുള്ളില്‍ തന്നെ മില്ല്യണ്‍ ലൈക്കാണ് ഇതിന് ലഭിച്ചത്.
ഇരട്ടകുട്ടികള്‍ക്ക് ഏപ്രില്‍ 18നായിരുന്നു ജോര്‍ജിനാ ജന്മം നല്‍കിയത്. ജോര്‍ജിന റോഡ്രിഗസും ക്രിസ്റ്റ്യാനോയും സംയുക്തമായി സമൂഹമാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്. ആണ്‍കുഞ്ഞാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. തനിക്കും പങ്കാളി ജോര്‍ജിന റൊഡ്രിഗസിനും ഇരട്ടക്കുട്ടികളാണ് പിറക്കാനിരിക്കുന്നതെന്ന് റൊണാള്‍ഡോ മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മം നല്‍കിയത്. ഇതിലെ ആണ്‍കുഞ്ഞാണ് മരിച്ചത്.
https://www.instagram.com/p/CdQcTPHMz1k/?utm_source=ig_web_copy_link
‘ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ഏറ്റവും ആഴമുള്ള ദുഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ ഭൂമിയിലേക്കെത്തിയ തന്റെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദനയ്ക്കിടയിലും ആശ്വാസം പകരുന്നതെന്നും റൊണാള്‍ഡോ കുറിച്ചു. പെണ്‍കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ നിമിഷത്തെ അതിജീവിക്കാനുള്ള കരുത്ത് തങ്ങള്‍ക്ക് നല്‍കുന്നതെന്നും കൃത്യമായ പരിചരണവും കരുതലും നല്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താരം നന്ദി അറിയിച്ചിരുന്നു.
തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്നേഹത്തോടെ ഓര്‍ക്കുമെന്നും റൊണോള്‍ഡോ കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇവ, മാറ്റിയോ, അലാന എന്നീ 4 കുട്ടികള്‍ കൂടി ക്രിസ്റ്റ്യാനോയ്ക്കുണ്ട്.