‘റോക്കട്രി’ ഹിറ്റ്! വിജയം നമ്പി നാരായണന്റെ വീട്ടിലെത്തി കേക്ക് മുറിച്ച് ആഘോഷിച്ച് മാധവന്‍

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി ദ നമ്പി ഇഫക്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയം നമ്പി നാരായണന്റെ വീട്ടില്‍ ആഘോഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നമ്പി നാരായണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് കേക്ക്…

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി ദ നമ്പി ഇഫക്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയം നമ്പി നാരായണന്റെ വീട്ടില്‍ ആഘോഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നമ്പി നാരായണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് കേക്ക് മുറിച്ചാണ് ചിത്രത്തിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. നമ്പി നാരായണനെ അവതരിപ്പിച്ചത് മാധവനായിരുന്നു.

വിജയാഘോഷത്തിന് മാധവനും നമ്പി നാരായണന്റെ വീട്ടിലെത്തിയിരുന്നു.
നമ്പി നാരായണന്റെ മകന്‍ ശങ്കര്‍, മകള്‍ ഗീത, മരുമകനും മംഗള്‍ യാന്‍ മിഷന്‍ ഡയറക്ടറുമായ ഡോ.അരുണന്‍, ചെറുമകള്‍ ശ്രുതി എന്നിവര്‍ ചേര്‍ന്നാണ് മാധവനെ സ്വീകരിച്ചത്.

നമ്പി നാരായണന്റെ പത്‌നി മീനയെ കണ്ടതാണ് ഏറ്റവും വലിയ സന്തോഷമെന്ന്
മാധവന്‍ പറയുന്നു. കാരണം ഏറ്റവുമധികം യാതനകള്‍ അനുഭവിച്ചത് അവരാണ്. സംഭവം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിയുമ്പോഴും അവരോട് എന്തു പറയണമെന്ന് അറിയില്ലെന്നും മാധവന്‍ പറയുന്നു.

എല്ലാം അവര്‍ അതിജീവിച്ചു. ഭര്‍ത്താവിനൊപ്പം, അദ്ദേഹത്തിന്റെ പോരാട്ടത്തിനൊപ്പം നിന്നു. അതൊരു ചെറിയ കാര്യമല്ല. ആ പിന്തുണ അദ്ദേഹത്തിന് നല്‍കിയ ഊര്‍ജം ചെറുതല്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ സിമ്രനാണ് മീനമ്മയായി എത്തിയത്. അതി മനോഹാരമായി തന്നെ സിമ്രാന്‍ അവതരിപ്പിച്ചു. ഒരിക്കലും കാണാത്ത വീടും പരിസരവും നമ്പി സാറിന്റെ വാക്കുകളിലൂടെയാണ് അറിഞ്ഞു. മുംബൈയിലാണ് നമ്പി നാരായണന്റെ വീട് ചിത്രീകരിച്ചതെങ്കിലും, തിരുവനന്തപുരം അടയാളപ്പെടുത്തുന്നതിനും, കാലഘട്ടത്തോട് നീതി പുലര്‍ത്തുന്നതിനും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മാധവന്‍ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്നാണ് മാധവന്റെ സന്ദര്‍ശനത്തെ നമ്പി നാരായണന്‍ വിശേഷിപ്പിച്ചത്. എന്റെ ഭാര്യയും കുടുംബവും അടുത്തിടെ ഇത്രയധികം സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല. മാധവന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തതെന്നാണ് നമ്പി നാരായണന്റെ കുടുംബം പറയുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷമാണ് മാധവന്‍ തിരുവനന്തപുരത്തുനിന്നും മടങ്ങിയത്.