കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുപോയി: ആര്‍.ആര്‍.ആര്‍ പോസ്റ്ററുകള്‍ ഡിലീറ്റ് ചെയ്ത ആലിയ ഭട്ട്

എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. രാജ്യമൊട്ടാകെ സിനിമാ നിരൂപകര്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് ചിത്രത്തിലെ കഥാപാത്രങ്ങളില്‍ ഒന്നായ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍…

എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. രാജ്യമൊട്ടാകെ സിനിമാ നിരൂപകര്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് ചിത്രത്തിലെ കഥാപാത്രങ്ങളില്‍ ഒന്നായ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് ചിത്രത്തില്‍ എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്.

എന്നാല്‍ സിനിമയില്‍ ആലിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റാസി, ഹൈവേ, ഉഡ്താ പഞ്ചാബ്, ഡിയര്‍ സിന്ദഗി പോലെയുള്ള സിനിമകളില്‍ നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആലിയയ്ക്ക് ആര്‍.ആര്‍.ആര്‍-ല്‍ ചെറിയ വേഷമാണ് നല്‍കിയതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് ആലിയ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നും ഡിലീറ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ആലിയ രാജമൗലിയെ അണ്‍ഫോളോ ചെയ്തതായും റിപ്പോര്‍ട്ട് വന്നെങ്കിലും നിലവില്‍ താരത്തിന്റെ ഫോളോ ലിസ്റ്റില്‍ രാജമൗലി ഉണ്ട്.