Local News

അബിഗേലിനെ കണ്ടെത്തി!!! പഴുതടച്ച് വലവിരിച്ച് പൊലീസ്, കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍

Published by
Anu B

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് കുട്ടിയെ തട്ടികൊണ്ടുപോയത്.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികള്‍ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതല്‍ കുട്ടിക്കായി പൊലീസും നാട്ടുകാരും പഴുതടച്ച അന്വേഷണം ആരംഭിച്ചിരുന്നു. അവര്‍ക്ക് കുട്ടിയെ ഉപേക്ഷിക്കുകയല്ലാകെ മറ്റൊരു വഴിയുമില്ലാതെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥിയാണ് കുഞ്ഞിനെ കാറിലെത്തിയ സ്ത്രീ മൈതാനത്തിന്റെ സൈഡിലിരുത്തി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. വൈദ്യപരിശോധനയ്ക്ക് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും. 20 മണിക്കൂര്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് മൊഴി നല്‍കിയിരുന്നു.

ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആണ്‍കുട്ടി തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു.

പിന്നീട് കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ അമ്മയെ ഒരു സ്ത്രീ വിളിച്ചു, പിന്നീട് പത്ത് ലക്ഷം ആവശ്യപ്പെട്ടും വിളിക്കുകയും ചെയ്തിരുന്നു.