ആ പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍, ഇനി അഭിനയിക്കില്ലെന്നും നടന്‍

പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കുറച്ച് ദിവസം മുന്‍പാണ് അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് വേഷമിട്ട വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്.…

പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കുറച്ച് ദിവസം മുന്‍പാണ് അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് വേഷമിട്ട വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. നടനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ പരസ്യക്കമ്പനിയുമായുള്ള കരാര്‍ പിന്‍വലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകരില്‍നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല. പരസ്യത്തില്‍നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം. പുകയില ഉപയോഗത്തിനെതിരേ സംസാരിച്ചിട്ടുള്ള അക്ഷയ് പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരംതാഴ്ന്നുവെന്നും വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്നാണ് അക്ഷയ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

”ഞാന്‍ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വം ഞാന്‍ അതില്‍നിന്നു പിന്‍വാങ്ങുന്നു. എനിക്കു ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതു വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിക്കുന്നു” അക്ഷയ് കുമാര്‍ പറഞ്ഞു.

പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. ഇതാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചത്. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണ് എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.