അസിസ്റ്റ് ചെയ്യാനാഗ്രഹമുണ്ടെന്ന് ആഗ്രഹവുമായെത്തിയ പേളി മാണിയെ തിരിച്ചയച്ച് എബ്രിഡ് ഷൈന്‍

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മഹാവീര്യറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ എബ്രിഡ് ഷൈന്‍ നിവിന്‍ പോളിയെ വെച്ച് സംവിധാനം ചെയ്ത 1983യും ആക്ഷന്‍ ഹീറോ ബിജുവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ…

എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മഹാവീര്യറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ എബ്രിഡ് ഷൈന്‍ നിവിന്‍ പോളിയെ വെച്ച് സംവിധാനം ചെയ്ത 1983യും ആക്ഷന്‍ ഹീറോ ബിജുവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടെ പേളി മാണിക്ക് നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. എബ്രിഡ് ഷൈന്‍ ആണ് താന്‍ ഈ മേഖലയിലേക്ക് എത്തിപ്പെടാന്‍ കാരണമെന്ന് പേളി പറഞ്ഞു. കോളേജ് കഴിഞ്ഞ് തന്റെ ഇന്റേണ്‍ഷിപ്പിന്റെ സമയത്ത് എബ്രിഡ് ഷൈനിന്റെ അടുത്തേക്ക് അസിസ്റ്റന്റായി തന്നെ ഒപ്പം കൂട്ടാമോയെന്ന് ചോദിച്ചു ചെന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

ഇതു ശരിവെച്ച് സംവിധായകനും അക്കാര്യം വിവരിച്ചു. പേളി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഫോട്ടോഗ്രാഫറായിരുന്ന സമയത്ത് തന്റെ അടുത്ത് വന്നിരുന്നു. ഫോട്ടോഗ്രാഫിയില്‍ അസിസ്റ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. എനിക്ക് ഇന്നോവയുണ്ട്, ഞാന്‍ വണ്ടിയോടിച്ചോളാം, സൈഡില്‍ ഇരുന്നാല്‍ മതി. ബാക്കി ഞാന്‍ അസിസ്റ്റ് ചെയ്‌തോളാമെന്ന് പറഞ്ഞു. പക്ഷേ താന്‍ പേളിയോട് നിങ്ങള്‍ ക്യാമറയുടെ മുന്നിലായിരിക്കും നല്ലതെന്ന് പറഞ്ഞ് വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഹാവീര്യറിനെ കുറിച്ച് ലോകത്ത് എവിടെയുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. രാജാവിന്റെ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഉള്ള രാജാവിന്റെയോ സ്പെയ്നില്‍ ഉള്ള രാജാവിന്റെയോ കോസ്റ്റ്യൂം വേണമെന്നല്ല ഞാന്‍ ആവശ്യപ്പെട്ടത്. ആളെ കണ്ടാല്‍ രാജാവാണെന്ന് തോന്നണം. കാലം എന്നുള്ളതും മാറ്റി നിര്‍ത്തുക.

സിനിമയുടെ കഥയും പ്ലോട്ടും തീമും ഇന്റര്‍നാഷണലാണ്. ലോകത്തുള്ള ഏത് സ്ഥലത്ത് വേണമെങ്കിലും ഈ കഥ പറയാം. ഇതിന് ഒരു പ്രാദേശിക സ്വഭാവമില്ല. ഹിന്ദി, മലയാളം, തമിഴ് തെലുങ്ക് തുടങ്ങിയ പ്രാദേശിക സിനിമയല്ല മഹാവീര്യര്‍’ എന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞു. നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പ്രമേയം ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ്. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.