സ്വര്‍ണമുള്ളപ്പോള്‍ മധുരമെന്തിന്? സ്വര്‍ണമാലയുമായി പോകുന്ന ഉറുമ്പിന്‍ കൂട്ടം; വീഡിയോ

തങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത പലതും ഉറുമ്പുകള്‍ കൂട്ടമായെത്തി നിഷ്പ്രയാസം സാധിച്ചെടുക്കും. ഭക്ഷണം കണ്ടെത്താനും കൂടുണ്ടാക്കാനുമൊക്കെ എപ്പോഴും ഒരുമിച്ച് മാത്രമേ ഇവര്‍ പോകാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നതും ഇത്തരത്തില്‍ ഒരു കൂട്ടം…

തങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത പലതും ഉറുമ്പുകള്‍ കൂട്ടമായെത്തി നിഷ്പ്രയാസം സാധിച്ചെടുക്കും. ഭക്ഷണം കണ്ടെത്താനും കൂടുണ്ടാക്കാനുമൊക്കെ എപ്പോഴും ഒരുമിച്ച് മാത്രമേ ഇവര്‍ പോകാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നതും ഇത്തരത്തില്‍ ഒരു കൂട്ടം ഉറുമ്പുകളുടെ ഒത്തൊരുമയുടെ വീഡിയോയാണ്.മധുരമെവിടെ വെച്ചാലും ഉറുമ്പുകള്‍ അത് തേടി കണ്ടുപിടിക്കാറുണ്ട്. നിലത്ത് വീഴുന്ന ഒരു പഞ്ചസാരത്തരിയാണെങ്കില്‍ പോലും ഉറുമ്പുകള്‍ ഓടിയെത്താറുണ്ട്. എന്നാല്‍ സ്വര്‍ണം കൊണ്ടുപോകുന്ന ഉറുമ്പിനെ കണ്ടിട്ടുണ്ടോ? സ്വര്‍ണ നിറത്തിലുള്ള ഒരു മാലയുമായി പോകുന്ന ഉറുമ്പിന്‍ കൂട്ടത്തിന്റെ വീഡിയോയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. നീളമുള്ള മാലയുടെ ഇരുഭാഗത്തും അണിനിരന്ന് വളരെ ശ്രദ്ധയോടെ ഉറുമ്പുകള്‍ നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇരുവശത്തും ഒരു പോലെ നിന്നാണ് ഈ ഉറുമ്പുകള്‍ മാലയും കൊണ്ട് പോകുന്നത്. വീഡിയോ കണ്ടവരെല്ലാം ഇവരുടെ ഒരുമയെയാണ് പ്രശംസിക്കുന്നത്. ഐഎഫഎസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. കുഞ്ഞ് സ്വര്‍ണക്കടത്തുകാര്‍. ഏത് ഐപിസി സെക്ഷന്‍ പരിധിയില്‍ ഇത് പെടും എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ വീഡിയോയിലുള്ളത് ഒറിജിനല്‍ സ്വര്‍ണമാണോയെന്ന് വ്യക്തമല്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്. കുറച്ച് പഞ്ചസാര കൊടുത്താല്‍ അവരുടെ കൈയില്‍ നിന്ന് ആ മാല തിരിച്ച് എടുക്കാന്‍ സാധിക്കുമെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.