ദൃശ്യം 2 ഹിന്ദി വമ്പന്‍ ഹിറ്റ്; ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ്

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദി സിനിമാ പ്രേമികള്‍ക്ക് ഈ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. നവംബര്‍ 18…

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദി സിനിമാ പ്രേമികള്‍ക്ക് ഈ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. നവംബര്‍ 18 നാണ് അജയ് ദേവ്ഗണിനെ നായകനാക്കി മലയാളത്തിലെ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പന്‍ വിജയത്തില്‍ ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ്. ദൃശ്യം പോലൊരു ഫ്രാഞ്ചൈസി സൃഷ്ടിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായ ജീത്തു ജോസഫിനെ ആദരവ് തോന്നുന്നുവെന്ന് ബോളിവുഡ് ഫിലിം ക്രിട്ടിക്ക് സുമിത് കേദെല്‍ ട്വീറ്റ് ചെയ്തു.

‘ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്. നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. എല്ലാവരുടെയും ചിന്തകള്‍ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നിനായി ആകാംഷയോടെ കാത്തിരിക്കുന്നു.’വെന്ന് സുമിത് കുറിച്ചു. സിനിമ കണ്ടിറങ്ങുന്നവര്‍ ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് സിനിമയെ പ്രശംസിക്കുന്നത്.

ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ ലെവലില്‍ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ഇക്കൂട്ടര്‍ പറയുന്നു. ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. അഭിഷേക് പത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐജിയായെത്തുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.