മലയാള സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി! – ദീദി ദാമോദരന്‍

Published by
Nikhina

ഗര്‍ഭിണികളായ സ്ത്രീകളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ സിനിമയായിരുന്നു അഞ്ജലി മേനോന്റെ വണ്ടര്‍ വുമണ്‍. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചും സിനിമയുടെ സെറ്റിനെ കുറിച്ചും ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭ്യന്തര പരാതി പരിഹാരസമിതിയിലെ അംഗമായാണ് സെറ്റില്‍ ദീദി ദാമോദരന്‍ എത്തിയിരുന്നത്. സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റായിരുന്നു ഇതെന്നും..

നമ്മുടെ സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നിയെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു..
കുറിപ്പ് വായിക്കാം..
ഒരു IC (അഭ്യന്തര പരാതി പരിഹാരസമിതി ) അംഗമെന്ന നിലയിലാണ് പ്രിയ സുഹൃത്തും സംവിധായകയുമായ അഞ്ജലി മേനോന്റെ ‘Wonder Women ‘ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ചെന്നത്. Posh Act അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റ് . നമ്മുടെ സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി. സന്തോഷവും. പിന്നെ കണ്ടതെല്ലാം വേറിട്ട അനുഭവമായിരുന്നു. ഹയറാര്‍ക്കിയുടെ മേല്‍കീഴ് ശൃംഖല അവിടെ അട്ടിമറയ്ക്കപ്പെടുന്ന കാഴ്ച കൗതുകമുണ്ടാക്കി. സിനിമയിലെ ജയ പ്രസവിക്കുന്നത് പോലെ – മലര്‍ന്നു കിടന്നുള്ള പതിവ് രീതിയല്ല. തിരിഞ്ഞു കീഴ്‌മേല്‍ മറഞ്ഞു കൊണ്ട് . അവളവള്‍ക്ക് അനായാസമാകും മട്ടില്‍. ക്യാമറക്ക് മുന്നില്‍ നിന്ന് അഭിനയിച്ചു കഴിഞ്ഞ് ക്യാമറക്ക് പിന്നിലെ പണികളിലേക്ക് പിന്മാറുന്ന കൂട്ടുകാര്‍.

പെണ്ണുങ്ങള്‍ പുറപ്പെട്ടു പോകാറുള്ള ഉല്ലാസയാത്രകളെ ഓര്‍മ്മിപ്പിച്ചു. സെറ്റില്‍ പണിയെടുക്കുന്ന ഓരോ സ്ത്രീയും ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. സിനിമയില്‍ എഴുതിക്കാണിച്ചത് പോലെ celebration of ‘sisterhoods that uphold us ‘. സൗഹൃദത്തിന്റെ, ആഹ്ലാദത്തിന്റെ ഇടം പണിതു കൊണ്ട് അവര്‍ മുന്നേറുന്നത് കാണാമായിരുന്നു. സ്വന്തമായി തീരുമാനമെടുക്കുന്ന സ്ത്രീയ്ക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടാകും. നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാകും. അതൊക്കെ നാം പരിചയിച്ചു പോന്ന ശീലങ്ങള്‍ക്ക് രുചിച്ചു കൊള്ളണമെന്നില്ല. സ്വന്തം രുചിഭേദങ്ങള്‍ക്ക് നിരക്കാത്ത സിനിമ വരുമ്പോള്‍ അസഹിഷ്ണത പുറത്തു ചാടുന്നത് സ്വാഭാവികം മാത്രം. അതു കൊണ്ടാണ് English സിനിമയായി register ചെയ്യപ്പെട്ട ഈ സിനിമയില്‍ മലയാളം കേള്‍ക്കാത്തത് വരേണ്യമായി വിവക്ഷിക്കപ്പെട്ടത്. പിന്നെ Lag. സമയത്തെക്കുറിച്ചും വേഗതയെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ സിനിമാബോധങ്ങള്‍ക്ക് നിരക്കുന്ന ഒന്നല്ല പ്രസവം.

പത്തു മാസം ഒരു ഗര്‍ഭം ഉള്ളില്‍ ചുമക്കുക എന്നതിന് ആര്‍ക്കും വേഗം കൂട്ടാനാവില്ല. ആ അനുഭവം സ്ത്രീയ്ക്ക് മാത്രം അവകാശപ്പെട്ട ഒരിടമാണ്. അതിനിടയിലെ ഒരു ചെറിയ segment ആണീ സിനിമ. മാതൃത്വത്തിന്റെ ആഘോഷമോ ട്രോഫിയായി പുറത്ത് വരുന്ന കുഞ്ഞിനെയോ അത് കണ്ട് നിര്‍വൃതി അടയുന്ന അമ്മയെയോ സിനിമയില്‍ കണ്ടില്ല. ഗര്‍ഭിണികളായഒരു കൂട്ടം പെണ്ണുങ്ങളുടെ വളരെ വ്യക്തിപരമായ അനുഭവ പരിസരം, ചങ്ങാത്തം. അങ്ങനെയാണ് എനിക്ക് തോന്നിയത്. പെണ്‍ കഥകള്‍ പല വഴികള്‍ സ്വീകരിച്ചു കണ്ടിട്ടുണ്ട്. ആണധികാര വ്യവസ്ഥയോട് പോരാടാന്‍ ആണിനെ പോലെയാവാം. ജാന്‍സി റാണിയെ പോലെ.ജയ ജയ ജയ ജയ ഹേയിലെ ജയയെ പോലെ. വ്യവസ്ഥയോട് കലഹിച്ച് പ്രതിഷേധിച്ച് ഇറങ്ങി പോകാം.

The Great Indian Kitchen ലെ ഭാര്യയെ പോലെ. മറ്റൊരു വഴിയാണ് WonderWomenനില്‍ കണ്ടത്. അതിലെ ഗര്‍ഭിണികള്‍ അവര്‍ക്ക് വഴങ്ങും മട്ടിലാവും പ്രസവിക്കുക. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. Wonder Women എന്ന സിനിമയുടെ IC അംഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു . WCC ആഗ്രഹിച്ച , പോരാടിപ്പോരുന്ന സംവിധാനമാണത്. ഈ സംരംഭത്തില്‍ പങ്കാളികളായ അഞ്ജലി , നാദിയ , പാര്‍വ്വതി , പത്മപ്രിയ , സയനോര , നിത്യ, അര്‍ച്ചന പത്മിനി , അമൃത , രമ്യ സര്‍വ്വതാദാസ് തുടങ്ങിയ എല്ലാ കൂട്ടുകാര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍ .- ദീദി