ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി ദിലീപിന്റെ അഭിഭാഷകന്‍: കേസിന്റെ ഗതി മാറുന്നതായി സൂചന

നടിയെ ആക്രമിച്ച കേസുമായും ഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ട് കുറ്റമാരോപിക്കപ്പെട്ടവരെയും അഭിഭാഷകരെയും പൊതു സമൂഹത്തില്‍ അപമാനിക്കുന്നതിന് ബോധ പൂര്‍വ്വമായുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി. അന്വേഷണ സംഘ…

നടിയെ ആക്രമിച്ച കേസുമായും ഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ട് കുറ്റമാരോപിക്കപ്പെട്ടവരെയും അഭിഭാഷകരെയും പൊതു സമൂഹത്തില്‍ അപമാനിക്കുന്നതിന് ബോധ പൂര്‍വ്വമായുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി. അന്വേഷണ സംഘ തലവനായ എ.ഡി.ജി.പി എസ് ശ്രീജിത്ത് അടക്കമുള്ളവര്‍ക്ക് എതിരെ അഡ്വ ഫിലിപ്പ് ടി. വര്‍ഗ്ഗീസാണ് പരാതി നല്‍കിയിരിക്കുന്നത്.

കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് എതിരെയും പരാതിയുണ്ട്. ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘം തലവന്‍ എസ്. ശ്രീജിത്തിന്റെ കുടുംബ സുഹൃത്താണെന്നും ആരോപണമുണ്ട്. ഹാക്കര്‍ സായി ശങ്കര്‍ കീഴടങ്ങിയിട്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് മടിച്ചതിനെയും കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാന്‍ സായി ശങ്കറിന് അവസരം നല്‍കിയതിനെയും പരാതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

murder conspiracy-case-dileep-at-high-court

 

ഇതോടെ ദിലീപ് അന്വേഷണ സംഘത്തിന് എതിരെ തുറന്ന നിയമ പോരാട്ടത്തിന് തയ്യാറെടുത്തതായി വ്യക്തമായി. അതേസമയം, അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പ്രതി ഭാഗത്തിന്റെ നീക്കമായും പരാതിയെ വിലയിരുത്തുന്നുണ്ട്.

അതേസമയം, നടി കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ വീണ്ടും നീണ്ടു പോകുമെന്ന് വ്യക്തമായി. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള നിയമോപദേശം അന്വേഷണ സംഘം തേടി. അസി. പബ്ലിക് പ്രോസിക്യൂട്ടറുമായി അന്വേഷണ സംഘം ആലുവയില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കാവ്യയെ കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയതാണ് അന്വേഷണ സംഘത്തിന് കല്ലുകടി ആയത്. സാക്ഷിയ്ക്ക് ലഭിക്കുന്ന നിയമ പരിരക്ഷയെ കാവ്യ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ ചോദ്യം ചെയ്യല്‍ നീണ്ടു പോവുകയായിരുന്നു.

ഈ സാഹചര്യത്തില്‍ കണിശമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിനും കഴിയില്ല. ആയതിനാല്‍ ചോദ്യം ചെയ്യലിന്റെ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് കാവ്യയ്ക്ക് അന്വേഷണ സംഘം മറുപടി നല്‍കിയിരിക്കുന്നത്.

പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍.

ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കാവ്യയ്ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഇതിനായി കുടുംബം കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റ് പരിഗണിക്കുന്നതായാണ് സൂചന.