‘കാരിരുമ്പു പോയിട്ടും കായം നില്‍ക്കുന്നത് കണ്ടോ?’ വൈറലായി ജി വേണുഗോപാലിന്റെ കുറിപ്പ്

നിരവധി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗായകന്‍ ജി വേണുഗോപാലിനെ മലയാളികള്‍ക്ക് ഏറെയിഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പണ്ട് സജീവമായിരുന്നതും എന്നാല്‍ പിന്നീട് അന്യം നിന്നു പോയതുമായ കസെറ്റ് കാലത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് ഇത്തവണ…

നിരവധി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗായകന്‍ ജി വേണുഗോപാലിനെ മലയാളികള്‍ക്ക് ഏറെയിഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പണ്ട് സജീവമായിരുന്നതും എന്നാല്‍ പിന്നീട് അന്യം നിന്നു പോയതുമായ കസെറ്റ് കാലത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് ഇത്തവണ ഗായകന്‍ എത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

മൺമറഞ്ഞ ടെക്നോളജിയും മറയാതെ മനുഷ്യനും.
“വനിത ” അഭിമുഖം കഴിഞ്ഞ് ഒരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തത്, എൻ്റെ സാമാന്യം വലിയ കാസറ്റ് സമ്പാദ്യത്തിന് മുൻപിലായിരുന്നു. ഫോട്ടോഗ്രാഫർ ശ്രീകാന്ത് കളരിക്കലും വി. ജി. നകുലും “ഉണരുമീ ഗാനം” എന്ന എൻ്റെ ആൽബം അതിൽ നിന്ന് തിരഞ്ഞെടുത്ത് കൈയ്യിൽ തന്നു. ഉടൻ മകൻ അരവിന്ദ് ഓടിപ്പോയി അവൻ്റെ “ഹൃദയം ” സിനിമയുടെ പുതുതായി പുറത്തിറങ്ങിയ കാസറ്റ് എടുത്തു കൊണ്ടുവന്നു. ഹൃദയം സിനിമയുടെ സംഗീത പ്രാധാന്യവും, തൊണ്ണൂറുകളിലെ കോളേജ് ജീവിതവുമൊക്കെ അവർ ആഘോഷിച്ചത്, പഴയ കാസറ്റ് ഫോർമാറ്റിലൂടെ ഗാനങ്ങൾ റിലീസ് ചെയ്തു കൊണ്ടായിരുന്നു.
പെട്ടെന്ന്, പണ്ട് കുട്ടിക്കാലത്ത് ആകാശവാണി ലൈബ്രറിയിൽ നിന്നും വായിച്ച ശ്രീ എൻ കെ കൃഷ്ണപിള്ളയുടെ “വീരമാർത്താണ്ഡൻ ” എന്ന പുസ്തകത്തിലെ ഉദ്വേഗജനകമായ ഒരു സന്ദർഭം ഓർത്തുപോയി .
ദേശിങ്ങനാട്ടെ പേരെടുത്ത അഭ്യാസിയും, മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ എതിർ ചേരിയിൽ നിലയുറപ്പിക്കുകയും ചെയ്ത “വീരമാർത്താണ്ഡ” നെ പിടിച്ച് കെട്ടി കൊണ്ടുവരുവാൻ അനന്തപത്മനാഭൻ പടത്തലവൻ പുറപ്പെടുകയാണ്. ഇവർ തമ്മിലുള്ള ദ്വന്ദയുദ്ധത്തിൽ സർവ്വ അടവുകളും പിഴയ്ക്കുമ്പോൾ, അനന്തപത്മനാഭൻ കൈത്തോക്കെടുക്കുന്നു.
” കായം കാരിരുമ്പല്ലല്ലോ ” എന്നു പറഞ്ഞു കൊണ്ട് വെടിയുതിർക്കുന്നു. മിന്നൽ വേഗത്തിൽ വീരമാർത്താണ്ഡൻ സ്വന്തം ഉടവാൾ കൊണ്ട് വെടിയുണ്ടയുടെ ഗതി മാറ്റി വിടുകയും, ഉടവാൾ രണ്ടു കഷ്ണണമായി നിലം പതിയ്ക്കുകയും ചെയ്യുന്നു.
” കാരിരുമ്പ് പോയിട്ടും കായം നിൽക്കുന്നത് കണ്ടോ” എന്ന വീരമാർത്താണ്ഡൻ്റെ മറു ചോദ്യം മനസ്സിൽ വല്ലാണ്ട് കുരുങ്ങിപ്പോയതാണ്. മെയ്യ് കണ്ണാക്കിയ വീരമാർത്താണ്ഡൻ എന്ന അഭ്യാസിയായ ആ സാങ്കല്പിക കഥാപാത്രത്തിൻ്റെ ഒരാരാധകനായ് ഞാൻ മാറിയിരുന്നു.
അറുപതുകൾ മുതൽ ആകാശവാണിയുടെയും സിനിമാ ഇൻഡസ്ട്രിയുടെയും സംഗീത വഴികളിൽ analogue recording ഉം സ്പൂൾ ടേപ്പുകളുമായിരുന്നു. എഴുപതുകളുടെ അവസാനം തന്നെ കാസററ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. എൺപതുകളോടെ DAT, Digital Audio Track റിക്കാർഡിങ്ങ് നിലവിൽ വന്നു. താമസിയാതെ കാസറ്റ് മരിക്കുകയും, സിഡി ഉദയം ചെയ്യുകയുമുണ്ടായി. റിക്കാർഡിങ്ങിൽ നവീനമായ “wave technology ” വന്നതോടെ സിഡിയും അപ്രത്യക്ഷമായി. ഇത്തിപ്പോലം വരുന്ന ഒരു ചെറിയ pen drive ൽ ആയിരക്കണക്കിന് പാട്ടുകൾ hard disc ൽ നിന്ന് കോപ്പി ചെയ്ത് കൊണ്ട് നടക്കാമെന്നായി.
തുരുമ്പെടുത്ത് പോയ ഈ സാങ്കേതിക വിദ്യകളുടെയൊക്കെ മുൻപിൽ ഒന്നാടിയുലഞ്ഞാണെങ്കിലും ഞെളിഞ്ഞു നിൽക്കുമ്പോൾ വീരമാർത്താണ്ഡൻ്റെ ഡയലോഗ് ഉള്ളിൽ കേട്ടു ….
” കാരിരുമ്പു പോയിട്ടും കായം നിൽക്കുന്നത് കണ്ടോ?