വിവാഹ അഭ്യര്‍ത്ഥനയ്ക്കിടെ പങ്കാളികള്‍ക്കിടയില്‍ കട്ടുറുമ്പായി ജീവനക്കാരന്‍

എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠവുമായ കാര്യമാണ് വിവാഹം. ഏറെ ആലോചിച്ചും തയ്യാറെടുപ്പുകളുമായാണ് പലരും വിവാഹത്തിന് തയ്യാറെടുക്കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ പലരും ആ വലിയ ദിവസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പൊതുവേ, വിദേശ രാജ്യങ്ങളില്‍…

എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠവുമായ കാര്യമാണ് വിവാഹം. ഏറെ ആലോചിച്ചും തയ്യാറെടുപ്പുകളുമായാണ് പലരും വിവാഹത്തിന് തയ്യാറെടുക്കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ പലരും ആ വലിയ ദിവസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പൊതുവേ, വിദേശ രാജ്യങ്ങളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒന്നാണ് വിവാഹാലോചന. ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം ഇവിടെ ആരംഭിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ.

പക്ഷെ കഴിഞ്ഞ ദിവസം പാരിസിലെ ഡിസ്നി ലാന്‍ഡില്‍ പങ്കാളികള്‍ക്ക് ഉണ്ടായ അനുഭവം വളരെ നിര്‍ഭാഗ്യകരമായിരുന്നു. വിവാഹം കഴിക്കാന്‍ സമ്മതം ചോദിക്കാന്‍ കാമുകന്‍ തയ്യാറാക്കി വച്ച പദ്ധതി തന്നെ പാളി പോയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അതി മനോഹരമായ ഡിസ്നി ലാന്‍ഡാണ് കാമുകന്‍ കാമുകിയോട്
വിവാഹ അഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിരുന്ന സ്ഥലം.

എല്ലാവരെയും പോലെ അവനും ഒരു സര്‍പ്രൈസ് തയ്യാറാക്കി തന്റെ കാമുകിയെ ഡിസ്‌നിലാന്‍ഡിലേക്ക് കൊണ്ടുവന്നു. സ്ലീപ്പിംഗ് ബ്യൂട്ടി കാസിലിന് മുന്നിലുള്ള ഒരു പ്ലാറ്റ്ഫോമാണ് അയാള്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന സ്ഥലം. കാമുകന്‍ മുട്ടുകുത്തി അവന്റെ പോക്കറ്റില്‍ നിന്ന് മോതിരം എടുത്ത് വിവാഹാലോചന നടത്തുന്നു. അമ്പരപ്പോടെയും സന്തോഷത്തോടെയും അതിന് സമ്മതം മൂളാന്‍ കാത്തിരുന്ന കാമുകി. എന്നാല്‍ പെട്ടെന്ന് ഒരു ജീവനക്കാരന്‍ സ്വര്‍ഗത്തിലെ കട്ടുറുമ്പിനെപ്പോലെ അവരുടെ നടുവിലേക്ക് ചാടി.

https://youtu.be/Dhagboodw2c

ഇത് കൊള്ളാം പക്ഷെ താഴെ ഇറങ്ങി നിന്ന് ചെയ്താല്‍ മതിയെന്ന താക്കീതോടെയാണ് ജീവനക്കാരന്‍ അവരുടെ നടുവിലേക്ക് ചാടി വീണത്. എന്തായാലും സംഗതി മുഴുവന്‍ പാളി. അവരുടെ ആ നല്ല നിമിഷത്തെ തകര്‍ത്ത ജീവനക്കാരന് എതിരെ താഴെ നിന്ന കാണികളും ശബ്ദം ഉയര്‍ത്തുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒരുപക്ഷെ അയാള്‍ അയാളുടെ ജോലി ആയിരിക്കാം ചെയ്തത്. ആ പങ്കാളികളുടെ ജീവിതത്തിലെ പ്രധാനമായൊരു നിമിഷത്തെ ആണ് അത് തകര്‍ത്തതെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും ജീവനക്കാരന്റെ പ്രവൃത്തിയില്‍ ഡിസ്നി ലാന്‍ഡിന്റെ അധികൃതര്‍ ആ ദമ്പതികളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവനക്കാരന് എതിരെ വ്യത്യസ്തമായ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ അധ്യാപകരെയാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നതെന്ന് മറ്റ് ചിലരും പറയുന്നുണ്ട്.