ഓർമ്മകൾക്കൊരു വയസ്സു കൂടി FFA !!

ആന്റണി ഹോപ്കിൻസിന്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്.”ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് അവന്റെ കണ്ണുകളാണ്,അതാണ് കാഴ്ച്ചയെ അനന്തതയോളം വേട്ടയാടുന്നതും”.ഹോപ്കിൻസിനോളം കണ്ണുകളിലെ വാചാലതയെക്കുറിച്ച് സംസാരിക്കാനർഹതയുള്ള മറ്റൊരഭിനേതാവ് ഇന്നോളമുണ്ടായിട്ടില്ലെന്നാണ് എന്റെ വിശ്വാസം.അയാളുടെ കണ്ണുകൾ ഭീതിയുടെ…

ആന്റണി ഹോപ്കിൻസിന്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്.”ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് അവന്റെ കണ്ണുകളാണ്,അതാണ് കാഴ്ച്ചയെ അനന്തതയോളം വേട്ടയാടുന്നതും”.ഹോപ്കിൻസിനോളം കണ്ണുകളിലെ വാചാലതയെക്കുറിച്ച് സംസാരിക്കാനർഹതയുള്ള മറ്റൊരഭിനേതാവ് ഇന്നോളമുണ്ടായിട്ടില്ലെന്നാണ് എന്റെ വിശ്വാസം.അയാളുടെ കണ്ണുകൾ ഭീതിയുടെ അനന്തമായ ആഴം സൈലൻസ് ഓഫ് ദി ലാമ്പ്സിൽ തൊടുന്നുണ്ടെങ്കിൽ,അയാളെന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അത്രമേലാഘോഷിക്കപ്പെടാതെ പോയ രണ്ടു സിനിമകളിലാണ്.ഒന്നാമത്തേത് ഫ്ലോറിയൻ സെല്ലറുടെ ദി ഫാദറിലാണ്.ഹോപ്കിൻസും,മകളായ ആനും വേർപിരിയുകയാണ്.ആൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നു.ഹോപ്കിൻസ് കിടപ്പുമുറിയിലെ ജനാലയിലൂടെ അവൾ പോകുന്നത് നോക്കി നിൽക്കുന്നു.ഒരു പശ്ചാത്തല സംഗീതത്തിന്റെയും ആവശ്യമില്ലാതെ അയാളുടെ നോട്ടത്തിൽ നിന്ന്,ആ കണ്ണുകളിൽ നിന്ന് നമുക്കാ കഥാപാത്രത്തിന്റെ അഴലിന്റെയാഴം തൊട്ടറിയാൻ പറ്റും.നിമിഷങ്ങൾക്കു ശേഷം ആ നോട്ടം നിരാശയാൽ പാതി താഴുന്നുണ്ട്.മറ്റൊന്നും സപ്ലിമെന്റ് ചെയ്യേണ്ടതില്ലാത്ത വിശുദ്ധനിമിഷമാണത്.മറ്റൊന്ന് റിച്ചാർഡ് ആറ്റൻബറോയുടെ ഷാഡോ ലാൻഡ്സിലേതാണ്.ഒരു കഥ പിറക്കുന്ന രംഗം ഇതിൽ കൺസീവ് ചെയ്യുന്നുണ്ട്.

വിശ്വവിഖ്യാതമായ ലയൺ വിച് ആൻഡ് ദ വാഡ്രോബ് എന്ന പുസ്തകം തുറക്കുന്ന നേരം. കയ്യിൽ ഒരു ബിയർ മഗുമായി, ” ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തീർത്തും അന്യമായ ഒരു ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ ഒരു അലമാരക്ക് ഉള്ളിലെ കോട്ടുകൾ നീക്കി ഒരു കൊച്ചുകുട്ടി മറ്റൊരു ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നതിനെ പറ്റിയുള്ള കഥ പറയുന്ന നിമിഷം “. ആ നിമിഷം ഹോപ്കിൻസിന്റെ കണ്ണുകളിൽ ഒരു തിളക്കം നമുക്ക് കാണാം.ഷാഡോ ലാൻഡ്സ് ഡ്രൈവ് ചെയ്യപ്പെടുന്നതു തന്നെ വാചികമായ അയാളുടെ കണ്ണുകളിലൂടെയാണ്. ഓരോ സിനിമയിലും പിന്നെയും പിന്നെയും സ്വയം നവീകരിച്ച് കണ്ണുകളുടെ തിളക്കത്തിന് പുതിയ പുതിയ ചായക്കൂട്ടുകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു ഹോപ്കിൻസ്. മലയാളത്തിൽ കണ്ണുകൾ കൊണ്ടെന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് മോഹൻലാലാണ്.സദയത്തിലെ കൊലപാതകരംഗത്ത്,നിർണ്ണയത്തിലെ കോർട്ട് റൂം സീനിൽ,അമൃതംഗമയയുടെയും,ദൃശ്യത്തിന്റയും ക്ലൈമാക്സിൽ…അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര തവണ ആ കണ്ണുകളുടെ ആഴങ്ങളിൽ എന്റെ കാഴ്ച്ചയും,ഓർമ്മയും മുങ്ങിമരിച്ചിട്ടുണ്ട്.മോഹൻലാലിനു ശേഷം കണ്ണുകളിൽ ഭ്രമാത്മകമായ ആ ഇന്ദ്രജാലം ഒളിഞ്ഞിരിക്കുന്നുവെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിലാണ്.ഹോപ്കിൻസിനെയും,ലാലിനെയും പോലെ ഏറ്റവും നിസ്സഹായമായ രംഗത്തു പോലും കണ്ണുകളാൽ അതിതീവ്രമായി വികാരസംവേദനം ചെയ്യാൻ അയാൾക്ക് പ്രത്യേകമായൊരു കഴിവുണ്ട്.കണ്ണുകളിൽ പ്രത്യക്ഷമാകുന്ന മൊമന്ററിയായ ആ തിളക്കം വാക്കുകൾക്കതീതമായ അനുഭവമാണ്.”പണി വരുന്നുണ്ടവറാച്ചാ”എന്ന ട്രാൻസിലെ രംഗത്ത് ആ തിളക്കം ഒരഗ്നിജ്വാലയായി മാറുന്നതു കാണാം.ആ ചിത്രത്തിൽ തന്നെ സൗബിനുമായുള്ള അഭിമുഖരംഗത്തും ആ തിളക്കത്തിന്റെ മറ്റൊരു വേർഷൻ ഉണ്ട്.ഫഹദിന്റെ കേസിൽ ഒരു സ്വിച്ച് ഓൺ/സ്വിച്ച് ഓഫ് പ്രൊസസ് പോലെ ആ തിളക്കം കൈകാര്യം ചെയ്യപ്പെടുന്നതു കാണാൻ സവിശേഷമായൊരു ചാരുതയാണ്.

ഒരേ സിനിമയിൽത്തന്നെ ആ പ്രൊസസിന്റെ പല രൂപാന്തരങ്ങളും കാണാം.ട്രാൻസിൽ അനിയന്റെ ശവശരീരം കാണുന്ന മാത്രയിലുള്ള അയാളുടെ ഭാവവ്യതിയാനങ്ങൾ അത്രമേൽ തീവ്രവും,സുന്ദരവുമായാണ് ആ കണ്ണുകളിലൂടെ പുറത്തേക്കു വരുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും മൂകതയിൽ വാചാലമാകുന്ന അയാളുടെ കണ്ണുകൾ കാണാം.കള്ളൻ പ്രസാദിന്റെ ഇൻട്രൊഡക്ഷൻ സീനിൽ ശ്രീജയുടെ മാല മോഷ്ടിച്ച് അത് വായിലിട്ടു വിഴുങ്ങിയ ശേഷം അയാളവളെ നോക്കുന്ന ഭാവമേതെന്ന് വിവേചിച്ചറിയാനാവാത്ത ഒരു നോട്ടമുണ്ട്.അതിനു മുമ്പിലാണ് അവളും,പൊലീസും പോലും തോറ്റു പോകുന്നത്.”വിശപ്പല്ലേ സാറേ” എന്നു പറയുമ്പോഴുള്ള അയാളുടെ നോട്ടത്തിൽ തോറ്റുപോകുന്നത് നമ്മളുമാണ്.ഡി കമ്പനി എന്ന ചിത്രത്തിൽ അയാളുടെ കഥാപാത്രം പൊലീസ് സ്റ്റേഷനിൽ സി.ഐയെ കാത്തിരിക്കുന്ന ഒരു രംഗമുണ്ട്.ഒരേഴെട്ടു മിനിറ്റോളം അയാളുടെ കണ്ണുകളിലൂടെയാണ് ആ സിനിമ ഡ്രൈവ് ചെയ്യപ്പെടുന്നത്.ഇരയിൽ നിന്നും വേട്ടക്കാരനിലേക്കുള്ള ആ ട്രാൻസിഷൻ ഫഹദിന്റെ കണ്ണുകളിലൂടെ പൂർത്തിയാക്കപ്പെടുന്നത് മുൻമാതൃകകളില്ലാത്ത വിധമാണ്.മഹേഷിന്റെ പ്രതികാരത്തിൽ മേൽ പറഞ്ഞ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി ആർദ്രമായ കൺനീട്ടങ്ങളുള്ള ഒരു ഫഹദിനെക്കാണാം.അയാളിലെ ആശയക്കുഴപ്പമുള്ള ഫോട്ടോഗ്രാഫറിൽ നിന്നും ആത്മവിശ്വാസമുള്ള ഫോട്ടോഗ്രാഫറിലേക്ക് അയാളെത്തുന്നത് ആ നോട്ടങ്ങളുടെ ട്രാൻസിഷനിൽ ഗംഭീരമായി അടയാളപ്പെടുന്നുണ്ട്.കുമ്പളങ്ങിനൈറ്റ്സിലെത്തുമ്പോൾ കണ്ണുകളിൽ തെളിയുന്നതിനെ മിഥ്യയാക്കുന്ന ഒരു ഫഹദ് മാജിക്കാണ് കാണുന്നത്.മൃദുലമായ നോട്ടത്തിനു പിന്നിലെ സങ്കീർണ്ണമായ മനോനില ഷമ്മിയെ മറ്റൊരു നടനെത്തിപ്പിടിക്കാവുന്നതിന്റെ എപ്പിടോമാക്കുന്നുണ്ട്.

ഫഹദായതുകൊണ്ടുമാത്രം എളുപ്പമെന്ന് തോന്നിപ്പിക്കപ്പെട്ട കഥാപാത്രമാണ് അതെന്നാണ് എനിക്കു തോന്നാറുള്ളത്. ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്.,കണ്ടതിലേറെയാണ് കാണാനിരിക്കുന്നതെന്ന ഉറപ്പുമുണ്ട്.കഴിഞ്ഞ പത്തുപതിനഞ്ച് വർഷങ്ങൾക്കുള്ളിൽ മലയാളസിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരദാനങ്ങളിലൊന്ന് ഈ മനുഷ്യൻ തന്നെയാണ്.ജന്മദിനാശംസകൾ ഫഹദ് ഫാസിൽ