ബ്രഹ്‌മ തേജ റെഡ്ഡിയുടെ മാസ് എന്‍ട്രി; ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍ ടൈറ്റില്‍ സോംഗ്

മികച്ച വിജയം നേടി മുന്നേറുകയാണ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍. മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഗോഡ്ഫാദര്‍. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ അതിഥിവേഷം ഹിന്ദി സിനിമാപ്രേമികള്‍ക്കിടയിലും വന്‍…

മികച്ച വിജയം നേടി മുന്നേറുകയാണ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍. മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഗോഡ്ഫാദര്‍. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ അതിഥിവേഷം ഹിന്ദി സിനിമാപ്രേമികള്‍ക്കിടയിലും വന്‍ ആവേശമുണ്ടാക്കി. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്.

അതേസമയം ചിരഞ്ജീവി, നയന്‍താര, സല്‍മാന്‍ ഖാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ മോഹന്‍രാജ ചെയ്ത ഗോഡ്ഫാദര്‍ ബോക്സ് ഓഫീസ് പ്രകടനം നല്ല നിലയില്‍ ആരംഭിച്ചു. മികച്ച തുടക്കം ലഭിച്ച ചിത്രം ആദ്യ ദിനം 25 കോടി കളക്ഷന്‍ നേടിയെന്നാണ് കണക്ക്. ചിത്രം 100 കോടിക്ക് മുകളില്‍ നേടി.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രം തെലുങ്കില്‍ എത്തിയപ്പോള്‍ പേര് ബ്രഹ്‌മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്ഫാദറില്‍ നയന്‍താരയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.