ദളിതനായ വിനായകനെ അപമാനിച്ച ഒരു ചോദ്യവും പൃഥിരാജിനോടില്ല… കാരണം വെളുത്തവനാണ്, നായരാണ്, സൂപ്പര്‍സ്റ്റാറാണ്: ആഞ്ഞടിച്ച് ഹരീഷ് പേരടി

മാധ്യമങ്ങള്‍ ദളിതനായ വിനായകനെ അപമാനിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയുമായി ബന്ധപ്പെട്ട്, പൃഥ്വിരാജിനെതിരെ എന്തുകൊണ്ട് ചോദിച്ചില്ലെന്ന് നടന്‍ ഹരീഷ് പേരടി. വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനം കാണാന്‍ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു…

മാധ്യമങ്ങള്‍ ദളിതനായ വിനായകനെ അപമാനിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയുമായി ബന്ധപ്പെട്ട്, പൃഥ്വിരാജിനെതിരെ എന്തുകൊണ്ട് ചോദിച്ചില്ലെന്ന് നടന്‍ ഹരീഷ് പേരടി. വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനം കാണാന്‍ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ളാറ്റില്‍നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്തെന്നും എന്നാല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ മുന്നിലിരുന്നപ്പോള്‍ നായരായ പൃഥ്വിരാജിനോട് ഇതിനെ പറ്റി ഒരു ചോദ്യവുമുണ്ടായില്ല എന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ കുറിപ്പ്

എല്ലാം വാര്‍ത്തകള്‍ ആണ്. വാര്‍ത്തകള്‍ കേള്‍ക്കുന്നതുകൊണ്ട് പറയുകയാണ്. പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ളാറ്റില്‍നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു.പൊലീസ് പൃഥിയോട് അയാളെ പറ്റി ചോദിക്കുമ്പോള്‍ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല. ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്. വിനായകന്‍ സ്ത്രി സമൂഹത്തെ മുഴുവന്‍ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിര്‍ത്തികൊണ്ടുതന്നെ ചോദിക്കട്ടെ. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ.

ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം.വിനായകനോട് എന്തും ആവാം. കാരണം അവന്‍ കറുത്തവനാണ്, ദളിതനാണ്. പൃഥിരാജ് വെളുത്തവനാണ്, നായരാണ്, സൂപ്പര്‍സ്റ്റാറാണ്. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്.

അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനം കാണാന്‍ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ..