നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം: കാവ്യയുടെ സൗകര്യത്തില്‍ മാത്രം സ്ഥലം നിശ്ചയിക്കാനാവില്ല: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തണമെന്ന് കാവ്യ മാധവന്‍ പ്രതികരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.…

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തണമെന്ന് കാവ്യ മാധവന്‍ പ്രതികരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്നിടത്തുതന്നെ കാവ്യ എത്തണമെന്ന് അന്വേഷണ സംഘം നിലപാട് കടുപ്പിച്ചതായും ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നല്‍കി.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസിലുള്ള നിര്‍ദ്ദേശമെന്നാണ് സൂചന. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

നിലവില്‍ കാവ്യയെ സാക്ഷി എന്ന നിലയില്‍ മൊഴിയെടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സാക്ഷിക്ക് ലഭിക്കുന്ന പ്രിവിലേജുകള്‍ ഉപയോഗിക്കാനാണ് കാവ്യാ മാധവനും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ കണിശമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിനും കഴിയില്ല. ആയതിനാല്‍ ചോദ്യം ചെയ്യലിന്റെ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് കാവ്യയ്ക്ക് അന്വേഷണ സംഘം മറുപടി നല്‍കിയിരിക്കുന്നത്.

പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കാവ്യയ്ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഇതിനായി കുടുംബം കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ലാറ്റ് പരിഗണിക്കുന്നതായാണ് സൂചന.

അതേസമയം, അവസാനമായി പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ കാവ്യ മാധവന് ആക്രമണത്തിന് ഇരയായ നടിയോട് മുന്‍വൈരാഗ്യം തോന്നിയിരുന്നതായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ കാവ്യയുടെ പങ്ക് തെളിഞ്ഞാല്‍ കേസ് മറ്റൊരു ദിശയിലേയ്ക്ക് നീങ്ങുമെന്നും സൂചനയുണ്ട്. ദിലീപിന്റേത് എന്ന രീതിയില്‍ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ ഒരു സ്ത്രീയെക്കുറിച്ച് പരാമര്‍ശമുണ്ട്. ആ സ്ത്രീ കാവ്യ ആണോ എന്നതും സംശയമുണര്‍ത്തുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് അന്വേഷണ സംഘം നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഹാജരാവാന്‍ കഴിയില്ലെന്നും, നടപടികള്‍ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്നും കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചതായി സമയം മലയാള റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ അന്നേ ദിവസം ഹാജരാകാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കാവ്യ മറുപടിയായി നല്‍കിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആവശ്യമെങ്കില്‍ ബുധനാഴ്ച വീട്ടിലെത്തി മൊഴിയെടുക്കാമെന്നും കാവ്യ അറിയിച്ചു.