‘എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല ചേട്ടാ’: കരഞ്ഞുകൊണ്ട് അന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞത്

വര്‍ഷങ്ങള്‍ക്ക് മുമ്പേ മലയാള സിനിമയിലെത്തിയ, വില്ലനായും നായകനായും സഹനടനായും തിരശീലയില്‍ നിറഞ്ഞ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. എണ്ണം പറഞ്ഞ നിരവധി സിനിമകളുടെ ഭാഗമാകാന്‍ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നെങ്കിലും തനിക്കൊപ്പം സിനിമയിലെത്തിയ മറ്റ് നടന്മാര്‍ക്കൊപ്പമുള്ള ഒരു…

വര്‍ഷങ്ങള്‍ക്ക് മുമ്പേ മലയാള സിനിമയിലെത്തിയ, വില്ലനായും നായകനായും സഹനടനായും തിരശീലയില്‍ നിറഞ്ഞ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. എണ്ണം പറഞ്ഞ നിരവധി സിനിമകളുടെ ഭാഗമാകാന്‍ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നെങ്കിലും തനിക്കൊപ്പം സിനിമയിലെത്തിയ മറ്റ് നടന്മാര്‍ക്കൊപ്പമുള്ള ഒരു സെലിബ്രിറ്റി സ്റ്റാറ്റ്‌സ് കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. സിനിമകളെല്ലാം ഒരേ പാറ്റേണിലുള്ളതാണ് എന്ന ആക്ഷേപവും താരം നേരിട്ടു. ചില സമയങ്ങളില്‍ നീണ്ട ഇടവേളയെടുത്തും കൂടുതല്‍ സെലക്ടീവാകാന്‍ ശ്രമിച്ചും ഉണ്ണി മുകുന്ദന്‍ തന്റെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സിനിമകളുടെ കുത്തൊഴുക്കിലും യുവ താരനിരയുടെ വളര്‍ച്ചയിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

എങ്കിലും താന്‍ ആഗ്രഹിച്ചത് നേടിയെടുക്കുമെന്ന ഉണ്ണി മുകുന്ദന്റെ നിശ്ചയദാര്‍ഢ്യം മേപ്പടിയാന്‍ എന്ന സിനിമയിലൂടെ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തകര്‍ന്നു വീണത് വിമര്‍ശനങ്ങളുടെ ചീട്ടുകൊട്ടാരമായിരുന്നു. മേപ്പടിയാന്‍ നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ അടുത്തറിഞ്ഞ ഉണ്ണി മുകുന്ദന്‍ എന്ന നടനെയും സുഹൃത്തിനെയും പേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍.

ഷാജോണിന്റെ വാക്കുകളിലേയ്ക്ക്:
ഞാന്‍ ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെ വെച്ചാണ് ഉണ്ണി മുകുന്ദന്‍ എന്താണ് എന്നുള്ളത് ഞാന്‍ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു, അതിന്റെ പേര് ഞാന്‍ പറയുന്നില്ല. അത് അത്ര വലിയ അഭിപ്രായം കിട്ടിയ ഒരു സിനിമയല്ല. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാല്‍ ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു.

അന്ന് ഉണ്ണിയോട് എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല. പക്ഷെ, ഇന്ന് എനിക്ക് പറയാനുണ്ട്. അടങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവര്‍ക്കും ഒരു ഇന്‍സ്പിറേഷനാണ് ഉണ്ണി മുകുന്ദന്‍. ഷാജോണ്‍ പറയുന്നു.

ഉണ്ണി മുകുന്ദന്‍ ആരാധകര്‍ക്ക് മേപ്പടിയാന്‍ എന്ന ചിത്രം സൃഷ്ടിച്ച ആഘോഷങ്ങളുടെ തരംഗങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പൊതുവെ ആക്ഷനും റൊമാന്‍സിനും മാത്രം പ്രാധാന്യം നല്‍കുന്ന നടന്‍ എന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കാന്‍ മേപ്പടിയാന് സാധിച്ചുവെന്ന് ചിത്രത്തിന്റെ വിജയത്തെ ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നു. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം സിനിമ സ്വയം നിര്‍മ്മിക്കുന്നതിലൂടെ ഉണ്ണി മുകുന്ദന്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അനാവശ്യ വിവാദങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് ഗുണം ചെയ്തുവെന്നാണ് നിരൂപകര്‍ വിശ്വസിക്കുന്നത്. സിനിമയുടെ കഥയെ കുറിച്ചും അണിയറ പ്രവര്‍ത്തകരെ കുറിച്ചും നിരന്തരം ചര്‍ച്ചകള്‍ നയിക്കാന്‍ ഈ വിവാദങ്ങള്‍ ഗുണം ചെയ്തതായും, ചര്‍ച്ചകളെ സാധൂകരിക്കാന്‍ സിനിമ കാണുക എന്ന അവസ്ഥയിലേയ്ക്ക് വിമര്‍ശകര്‍ പോലും എത്തിയതായും നിരൂപകര്‍ വ്യക്തമാക്കുന്നു