എപ്പോഴും ചിരിയോടെ ഇരിക്കൂ!!! കൂട്ടുകാരികള്‍ക്കൊപ്പം നിറചിരിയോടെ മീന…

നടി മീനയുടെ ഭര്‍ത്താവ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ജൂണ്‍ 28നാണ് വിദ്യാസാഗര്‍ യാത്രയായത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്നാണ് സാഗറിന്റെ മരണം സംഭവിച്ചത്. പ്രിയതമന്റെ…

നടി മീനയുടെ ഭര്‍ത്താവ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ജൂണ്‍ 28നാണ് വിദ്യാസാഗര്‍ യാത്രയായത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്നാണ് സാഗറിന്റെ മരണം സംഭവിച്ചത്.

പ്രിയതമന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന മീനയെ കാണാനായി കൂട്ടുകാരികളെത്തിയിരിക്കുകയാണ്. സൗഹൃദദിനത്തിലാണ് താരത്തിന് ആശ്വാസം പകര്‍ന്ന് ചേര്‍ത്ത് പിടിച്ച് നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവര്‍
കുടുംബസമേതം മീനയുടെ വീട്ടിലെത്തിയിരുന്നു.

കൂട്ടുകാരികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ മീന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സാഗറിന്റെ വിയോഗ ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനയത്തില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണ് താരം.

ഇപ്പോഴിതാ കൂട്ടുകാരികള്‍ക്കൊപ്പം നിറചിരിയോടെ നില്‍ക്കുന്ന മീനയെ കണ്ട സന്തോഷത്തിലാണ് ആരാധകരും. ‘എപ്പോഴും ചിരിയോടെ ഇരിക്കൂ, ഞങ്ങളെല്ലാം ഇല്ലേ, സങ്കടപ്പെടാതിരിക്കൂ’, ‘ഈ ചിരി ഇതുപോലെ കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്’, ‘നിങ്ങള്‍ തിരിച്ചുവരണം’ എന്നിങ്ങനെയാണ് ആരാധകരും സ്‌നേഹം കുറിക്കുന്നത്.

വിദ്യാസാഗറിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് അടുത്തിടെ മീന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ”നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെ വേഗം ഞങ്ങളില്‍ നിന്ന് അകന്നുപോയി. എന്നേക്കും നീ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും,” എന്നായിരുന്നു മീന കുറിച്ചത്. വിഷമഘട്ടത്തില്‍ സ്‌നേഹവും പ്രാര്‍ത്ഥനയുമായി കൂടെ നിന്ന ആരാധകര്‍ക്കും സുഹൃത്തുകള്‍ക്കും നന്ദിയും മീന പറഞ്ഞിരുന്നു.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്ന വിദ്യാസാഗറും മീനയും 2009 ജൂണിലാണ് വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തില്‍ വിജയ്യുടെ മകളായി നൈനിക സിനിമയിലേക്കും എത്തിയിരുന്നു.