‘അമ്മയുടെ’ ആരും ഇപ്പോള്‍ ആ ‘അപ്പനെ’ നോക്കുന്നില്ല: ധൈര്യമായി അഭിനയിച്ചോളാന്‍ സജി ചെറിയാന്‍

സിനിമയില്‍ അഭിനയിച്ച്, ഒടുവില്‍ ആരും നോക്കാന്‍ ഇല്ലത്തവരെ സംരക്ഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കായി പ്രത്യേക അഗതി മന്ദിരം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന പരിപാടിയില്‍…

സിനിമയില്‍ അഭിനയിച്ച്, ഒടുവില്‍ ആരും നോക്കാന്‍ ഇല്ലത്തവരെ സംരക്ഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കായി പ്രത്യേക അഗതി മന്ദിരം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന പരിപാടിയില്‍ അപ്രതീക്ഷിതമായി മുന്‍ മലയാള നടന്‍ മാധവനെ കണ്ടതോടെയാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

‘മാധവന്‍ ചേട്ടനെ കണ്ടതാണ് തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തിയെന്ന് താന്‍ ചിന്തിച്ചു. ഗാന്ധി ഭവനില്‍ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആര്‍ക്കും അങ്ങനെ എത്തേണ്ടി വരും. ഇന്നൊരു മാധവന്‍ ചേട്ടനാണെങ്കില്‍ നാളെ ഒരു സജി ചെറിയാന്‍.

ആര്‍ക്കും അവിടെ എത്തേണ്ടി വരും. അമ്മയുടെ ആദ്യത്തെ സെക്രട്ടറിയാണ്. ‘അമ്മ’യുടെ ആരുമിപ്പോള്‍ ആ അപ്പനെ നോക്കുന്നില്ലെന്നതാണ് വേറെ പ്രശ്‌നം. ഗവണ്‍മെന്റ് ആലോചിച്ച് തീരുമാനമെടുത്തു. മനോഹരമായ സംരക്ഷണ കേന്ദ്രം ഈ വര്‍ഷം തന്നെ പണിയുമെന്നും സാധിക്കുമെങ്കില്‍ ആദ്യത്തെ അന്തേവാസിയായി മാധവന്‍ ചേട്ടനെത്തന്നെ കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. വേദിയില്‍ വികാര നിര്‍ഭരയായി നടി നവ്യയും പ്രതികരിച്ചിരുന്നു.

ടി.പി. മാധവന്‍, കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധി ഭവനിലാണ് കഴിയുന്നത്. ഇതിനിടെ, നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു.

 

ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.

ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ. ഇവിടെ വന്നപ്പോള്‍ മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു ഇതൊക്കെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോള്‍ ഷോക്കായി പോയെന്നു നവ്യ പറഞ്ഞു. ഭാവിയില്‍ ആര്‍ക്ക് എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും നടി പ്രതികരിച്ചിരുന്നു.

മനുഷ്യന്‍ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോള്‍ തിരിച്ചറിയും. കൊറോണ വന്നപ്പോള്‍ ഈ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു. ഒരു പനിക്കോ അല്ലെങ്കില്‍ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ പ്രകൃതിയുടെ ശക്തി നമ്മെ കാണിച്ചു തരാന്‍ കഴിയും. എന്നാല്‍ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും പഴയ ആളുകളാകും വേദിയില്‍ നവ്യ കൂട്ടിച്ചേര്‍ത്തു.