ചാമ്പിക്കോ വീഡിയോ അബദ്ധം മൈക്കിളപ്പന് അയച്ച് നിര്‍മ്മല്‍ പാലാഴി: മമ്മുക്കയുടെ മറുപടി

കോവിഡ് ഒതുങ്ങിയതിന് ശേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കി, മലയാള സിനിമയുടെ പ്രതാപകാലം മടക്കി കൊണ്ടുവന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം. അമല്‍ നീരത് ഒരുക്കിയ ദൃശ്യ വിരുന്ന് രാജ്യമൊട്ടാകെ ഏറ്റെടുത്തു. ചിത്രത്തിലെ ചാമ്പിക്കോ ഫോട്ടാ…

കോവിഡ് ഒതുങ്ങിയതിന് ശേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കി, മലയാള സിനിമയുടെ പ്രതാപകാലം മടക്കി കൊണ്ടുവന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം. അമല്‍ നീരത് ഒരുക്കിയ ദൃശ്യ വിരുന്ന് രാജ്യമൊട്ടാകെ ഏറ്റെടുത്തു. ചിത്രത്തിലെ ചാമ്പിക്കോ ഫോട്ടാ ഷൂട്ട് ട്രന്‍ഡ്, അടുത്തിടെ വൈറലായ ഏറ്റവും വലിയ ട്രെന്‍ഡുകളില്‍ ഒന്നായി മാറിയിരുന്നു.

കുട്ടികളും മുതിര്‍ന്നവരും എന്ന വ്യത്യാസമില്ലാതെ, ആനയെന്നും മെട്രോ ട്രെയ്ന്‍ എന്നും വ്യത്യാസമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകരും മത നേതാക്കളുമടക്കം ചാമ്പിക്കോ ട്രെന്‍ഡിന്റെ ഭാഗമായി. ഇതിനിടെ ട്രെന്‍ഡില്‍ തമാശകളും ഉള്‍പ്പെടുത്താന്‍ നിരവധിപേര്‍ ശ്രമിച്ചിരുന്നു. അത്തരത്തില്‍ നടനും കോമഡി ആര്‍ട്ടിസ്റ്റുമായ നിര്‍മ്മല്‍ പാലാഴിയുടെ ചാമ്പിക്കോ വീഡിയോ വലിയ തോതില്‍ പ്രചാരം നേടിയിരുന്നു.

35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് നിര്‍മ്മല്‍ പാലാഴി ട്രെന്‍ഡ് വീഡിയോ ഷൂട്ട് ചെയ്തത്. മൈക്കിളപ്പനായി വീഡിയോയില്‍ എത്തിയ നിര്‍മ്മല്‍ പാലാഴി മ്യൂസിക്കിന് ഒപ്പം കാലിന്മേല്‍ കാല് കയറ്റിവയ്ക്കാന്‍ ശ്രമിച്ചതാണ് കുരുക്കായത്. തമാശ വീഡിയോയില്‍ കാല് കയറ്റിവയ്ക്കാന്‍ നിര്‍മ്മല്‍ പാലാഴിയെ സുഹൃത്തുക്കള്‍ സഹായിക്കുന്നതും, ഒടുവില്‍ ഷൂട്ട് ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ നടന്ന് നീങ്ങുമ്പോള്‍ കയറ്റിവച്ച കാല്‍ ഇറക്കാന്‍ സ്വന്തം ശരീരം അനുവദിക്കാത്തതിനെ തുടര്‍ന്ന് കഷ്ടപ്പെടുകയും ചെയ്യുന്ന നിര്‍മ്മല്‍ പാലാഴിയെ കാണാം.

വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ നിര്‍മ്മല്‍ പാലാഴി തങ്ങളുടെ ചാമ്പിക്കോ വീഡിയോ സാക്ഷാല്‍ മൈക്കിള്‍ അപ്പന് തന്നെ അയച്ചുകൊടുത്തു. വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത വീഡിയോ കണ്ട മമ്മൂട്ടി, തനിക്ക് വീഡിയോ ഇഷ്ടപ്പെട്ടെന്ന് കാണിച്ച് രണ്ട് സ്‌മൈലികള്‍ മറുപടിയായി അയച്ചു. പിന്നാലെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം നിര്‍മ്മല്‍ പാലാഴി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

nirmal-palazhi-chambiko-video-viral-on-social-media

‘ഇപ്പോഴത്തെ ട്രെന്റ് ആയ ചാമ്പിക്കോ വീഡിയോ ഞങ്ങള്‍ ചെയ്തത് സാക്ഷാല്‍ മൈക്കിള്‍ അപ്പനെ കാണിച്ചു. താങ്ക്യു മമ്മുക്ക ഞങ്ങളെ പോലുള്ള ചെറിയ കലകാരന്മാരെ പോലും പരിഗണിക്കുന്ന ആ വലിയ മനസ്സിന്’: നിര്‍മ്മല്‍ പാലാഴി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലര്‍ മമ്മൂട്ടി വെറും സ്‌മൈലി മാത്രം മറുപടിയായി അയച്ചതിനെ വിമര്‍ശിക്കുന്നുമുണ്ട്.

സ്വന്തം സിനിമയുടെ പ്രൊമോഷന് ഒരു സഹപ്രവര്‍ത്തകന്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഭാഗമാകുമ്പോള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ നന്ദി രേഖപ്പെടുത്തുക ആയിരുന്നു വേണ്ടതെന്നാണ് വിമര്‍ശകരുടെ വാദം.