സോളമന്റെ തേനീച്ചകളായിരുന്നു എന്റെ കരിയറിലെ ആദ്യ സിനിമ ആകേണ്ടിയിരുന്നത്..! – വിന്‍സി അലോഷ്യസ്

നായിക നായകന്‍ എന്ന റിയാലിറ്റി ഷോ വഴി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. പിന്നീട് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച നടി തന്റെ ഏറ്റവും പുതിയ സിനിമയുടെ…

നായിക നായകന്‍ എന്ന റിയാലിറ്റി ഷോ വഴി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. പിന്നീട് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച നടി തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുക്കിയ സോളമന്റെ തേനീച്ചകളാണ് വിന്‍സിയുടെ ഏറ്റവും പുതിയ സിനിമ. ഈ സിനിമയെ കുറിച്ച് വിന്‍സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ ആദ്യ സിനിമയായി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം സോളമന്റെ തേനീച്ചകള്‍ ആയിരുന്നു എന്നാണ് വിന്‍സി പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ വേദിയില്‍ വെച്ചാണ് വിന്‍സി ഇതേ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ മലയാളത്തില്‍ കുറച്ച് സിനിമകള്‍ ചെയ്തു എങ്കിലും നായിക എന്ന രീതിയില്‍ താന്‍ ആദ്യമായി എത്തുന്ന സിനിമ കൂടിയാണ് സോളമന്റെ തേനീച്ചകള്‍ എന്നും വിന്‍സി വ്യക്തമാക്കി. വിന്‍സി അലോഷ്യസ് പങ്കെടുത്ത റിയാലിറ്റി ഷോയുടെ വിധികര്‍ത്താവ് ആയിരുന്നു ലാല്‍ ജോസ്.

അന്ന് ആ ഷോയില്‍ ഉണ്ടായിരുന്ന മറ്റ് താരങ്ങളും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുകയാണ്. ലാല്‍ ജോസ് തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നതും. റിയാലിറ്റി ഷോയില്‍ ലാല്‍ ജോസ് സാര്‍ വിധികര്‍ത്താവായിരിക്കെ അദ്ദേഹത്തെ വളരെ ഭയബഹുമാനത്തോടെയാണ് കണ്ടിരുന്നത് എന്നും, എന്നാല്‍ ഒരുമിച്ച് ഒരു സിനിമയില്‍ പ്രവര്‍ത്തിച്ചതോടെ അദ്ദേഹവുമായി കൂടുതല്‍ അടുത്തു എന്നും വിന്‍സി പറയുന്നു.

വികൃതി എന്ന ചിത്രത്തിലൂടെയായിരുന്നു വിന്‍സിയുടെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളില്‍ എല്ലാം പ്രധാന വേഷത്തില്‍ ആയിരുന്നു വിന്‍സി എത്തിയിരുന്നത്. സോളമന്റെ തേനീച്ചകള്‍ അടക്കം അഞ്ചോളം സിനിമകളാണ് ഇനി വിന്‍സിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍, ഇതില്‍ ഒരു അന്യഭാഷാ ചിത്രവും ഉള്‍പ്പെടുന്നുണ്ട്.