‘വിജയ് വാശി പിടിച്ചത് കൊണ്ടാണ് രജിനിയുടെ ലിയോ ആശംസയെന്ന് പ്രചരണം’; കടുത്ത പ്രതികരണവുമായി പിആർഒ

വിജയ് – ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിൽ എത്തുന്ന ലിയോയ്ക്ക് രജനികാന്ത് വിജയാശംസ നേർന്നത് വൈറലായിരുന്നു. ലിയോയുടെ വിജയത്തിനായി ദൈവത്തോട് പ്രാർഥിക്കുമെന്നായിരുന്നു രജനി പറഞ്ഞത്. തിയ ചിത്രം തലൈവർ 170 ൻറെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയ രജനി…

വിജയ് – ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിൽ എത്തുന്ന ലിയോയ്ക്ക് രജനികാന്ത് വിജയാശംസ നേർന്നത് വൈറലായിരുന്നു. ലിയോയുടെ വിജയത്തിനായി ദൈവത്തോട് പ്രാർഥിക്കുമെന്നായിരുന്നു രജനി പറഞ്ഞത്. തിയ ചിത്രം തലൈവർ 170 ൻറെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയ രജനി ലിയോയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, ഇത് മറ്റൊരു തരത്തിൽ കൂടി വാർത്തകളിൽ ഇടം പിടിച്ചു.

ചിത്രത്തിൻറെ പ്രീ റിലീസ് പ്രചരണത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ വിജയ് പറഞ്ഞത് അനുസരിച്ചാണ് രജനി ഇങ്ങനെ പറഞ്ഞതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിച്ചത്. സത്യൻ രാമസാമി എന്നയാളാണ് സിനിമാവൃത്തങ്ങളിൽ നിന്ന് അറിഞ്ഞതെന്ന രീതിയിൽ ഈ പ്രചരണം ആദ്യം നടത്തിയത്. റിയാസ് കെ അഹമ്മദ് എന്നയാളാണ് രജനികാന്തിൻറെയും വിജയിയുടെയും പിആർഒ. ലിയോയെക്കുറിച്ച് ഒരു വാക്ക് രജനി പറയാൻ വിജയ്‍യും സംഘവും ആഗ്രഹിച്ചെന്നും ഇത് റിയാസിനോട് പറഞ്ഞെന്നുമാണ് സത്യൻ രാമസാമി എക്സിൽ പോസ്റ്റ് ചെയ്തത്.

ചിത്രം ഇറങ്ങിക്കഴിഞ്ഞ് അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് ഇടാമെന്ന് രജനി പറഞ്ഞു. എന്നാൽ, റിലീസിന് മുൻപ് വേണമെന്നാണ് വിജയ് വാശി പിടിച്ചതെന്ന് സത്യൻ കുറിച്ചു. ഇതിന് ശേഷമാണ് തൂത്തുക്കുടിയിലെ രജനിയുടെ പ്രതികരണമെന്നാണ് സത്യന്റെ ആരോപണം. എന്നാൽ, ഇത് അസംബന്ധമാണ് എന്നാണ് രജനികാന്തിൻറെയും വിജയിയുടെയും പിആർഒ ആയ റിയാസ് കെ അഹമ്മദ് വ്യക്തമാക്കുന്നത്.

”ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി തലൈവരോ ദളപതിയോ ഇങ്ങനെ ഒന്നും ആലോചിക്കില്ല. ഇതുപോലെ ഓരോന്ന് കെട്ടിച്ചമച്ച് ഉണ്ടാക്കുന്നതിന് മുൻപ് ഉത്തരവാദിത്തമുള്ളവരാവണം ” എന്ന് റിയാസ് കുറിച്ചു. ഒക്ടബോർ 19നാണ് ലിയോ തീയേറ്ററുകളിൽ എത്തുന്നത്. വമ്പൻ ഹൈപ്പിൽ എത്തുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിജയ്‍യുടെ നായികയായി തൃഷയാണ് എത്തുന്നത്.