അത് യഥാര്‍ത്ഥ ലോറിയല്ല; പുഷ്പയിലെ വിഎഫ്എക്സ് വീഡിയോ പുറത്തു വിട്ടു

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ ദി റൈസ്’ മികച്ച വിജയമാണ് നേടിയത്. കേരളത്തിലും വലിയ വിജയം നേടിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും 342 കോടിയാണ് നേടിയിരുന്നു. ‘പുഷ്പ’യുടെ വിഎഫ്എക്സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.…

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ ദി റൈസ്’ മികച്ച വിജയമാണ് നേടിയത്. കേരളത്തിലും വലിയ വിജയം നേടിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും 342 കോടിയാണ് നേടിയിരുന്നു. ‘പുഷ്പ’യുടെ വിഎഫ്എക്സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. മകുത വിഷ്വല്‍ ഇഫക്ട്സ് ആണ് ‘പുഷ്പ ദി റൈസി’ന്റെ വിഎഫ്എക്സിന് പിന്നില്‍. 3.34 മിനിറ്റാണ് വിഎഫ്എക്സ് വീഡിയോയുടെ ദൈര്‍ഘ്യം. സിനിമയില്‍ അല്ലു അര്‍ജുന്‍ ലോറിയില്‍ നിന്നും ചാടുന്ന ഒരു രംഗമുണ്ട്. വാസ്തവത്തില്‍ ലോറിക്ക് പകരം ഡമ്മിയാണ് ഈ രംഗത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ സിനിമയില്‍ കാണിക്കുന്ന പാമ്പും യാഥാര്‍ഥ്യമല്ല. വിഎഫ്എക്സ് എഫക്ടാണ്.

അല്ലു അര്‍ജുന്റെ പഞ്ച് ഡയലോഗുകളാലും ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമായിരുന്നു ‘പുഷ്പ ദി റൈസ്’. തെന്നിന്ത്യന്‍ ഭാഷകളേക്കാള്‍ കൂടുതല്‍ ചിത്രം ഹിന്ദിയില്‍ തരംഗമായി മാറിയിരുന്നു. തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്. രശ്മിക മന്ദാനയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രതിനായക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രക്തചന്ദനം കടത്തുന്ന പുഷ്പ രാജ് എന്ന കളളക്കടത്തുകാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ‘പുഷ്പ’യിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് ‘പുഷ്പ’ ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് രംഗം. ‘പുഷ്പ 2’ വിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ ബിഗ് ബഡ്ജറ്റിലാണ് ‘പുഷ്പ ദി റൂള്‍’ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.