‘ലാലേട്ടന്റെ മാനറിസങ്ങള്‍ അനുകരിച്ചു അനൂപ് മേനോന്റെ ലെവലിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് സഹതപിക്കാനേ കഴിയുന്നുള്ളു’

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ‘കാപ്പ’യ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന…

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ‘കാപ്പ’യ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രിത്വിരാജ് ഇന്ന് കാപ്പയില്‍ ലാലേട്ടന്റെ മാനറിസങ്ങള്‍ അനുകരിച്ചു അനൂപ് മേനോന്റെ ലെവലിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് സഹതപിക്കാനേ കഴിയുന്നുള്ളുവെന്നാണ് സാന്‍ ജിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സ്വപ്നക്കൂടിന്റെ ക്ലൈമാക്‌സില്‍ ‘ നിങ്ങള്‍ക്കാര്‍ക്കും വേണ്ടെങ്കിലും എനിക്കവളെ വേണം ‘ എന്ന ഒറ്റ ഡയലോഗ് കൊണ്ടു എന്റെ മനസ്സില്‍ കയറി കൂടിയ പ്രിത്വിരാജ് ഇന്ന് കാപ്പയില്‍ ലാലേട്ടന്റെ മാനറിസങ്ങള്‍ അനുകരിച്ചു അനൂപ് മേനോന്റെ ലെവലിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് സഹതപിക്കാനേ കഴിയുന്നുള്ളു.
2021 ല്‍ കരിയറിന്റെ ഏറ്റവും മോശം പ്രകടനങ്ങള്‍ കാഴ്ച വെച്ച പ്രിത്വിക്ക് കെട്ടിവെച്ച കാശ് ഒരു സിനിമയില്‍ പോലും കിട്ടിയിട്ടുണ്ടാവും എന്ന് തോന്നുന്നില്ല. എന്നാല്‍ ആന്റണി പെരുമ്പാവൂരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ബിസിനസ് ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടു #mohanlal എന്ന ബ്രാന്റ് വെച്ച് തട്ടിക്കൂട്ടി എടുത്ത ബ്രോ ഡാഡി എന്ന സ്വന്തം സിനിമയുമായാണ് ഈ വര്‍ഷം ആദ്യം വന്നത്. കോമഡി സീനുകള്‍ പതിവ് പോലെ പ്രിത്വി മെഴുകി വെച്ചെങ്കിലും ലാലേട്ടന്റെ പ്രഭാ വലയത്തില്‍ സിനിമ കൊളുത്തി. ചെറിയ മുടക്കില്‍ ശീഖ്ര ഗതിയില്‍ ഷൂട്ട് ചെയ്ത സിനിമ ഡബിള്‍ സ്റ്റാര്‍ വാല്യൂവിന്റെ പേരില്‍ നല്ല തുകയ്ക്കാണ് OTT ക്ക് വിറ്റത്.
പിന്നീട് വന്ന ജനഗണമന യിലെ എക്‌സ് മിലിട്ടറിയും എക്‌സ് പോലീസും വേറേ ഏതാണ്ടൊക്കെയും ആയിരുന്ന വക്കീലായി ഭേദപ്പെട്ട പ്രകടനമാണ് പ്രിത്വി കാഴ്ച വച്ചത്. പതിവ് കാവി, ത്രിശൂലം, ബീഫ് പൊറോട്ട ഒക്കെ വെച്ച് ഉണ്ടാക്കിയതായിരുന്നെങ്കിലും വമ്പന്‍ സിനിമയുടെ പോലുള്ള മെക്കിങ് സ്‌റ്റൈലാണ് ഇതിന്റെ വിജയത്തെ ഏറെ സഹായിച്ചത്. എന്നാല്‍ സുരാജിന് പകരം മുഖത്തു എന്തെങ്കിലും ഭാവം വരുന്ന ഒരു നടനേക്കൂടി കിട്ടിയിരുന്നെങ്കില്‍ സിനിമ ഇതിലേറെ നന്നായേനെ എന്നും തോന്നി.
പിന്നീട് ഷാജി കൈലാസിന്റെ തിരിച്ചു വരവ് എന്ന് ഘോഷിക്കപ്പെട്ട കടുവയിലും അതിന്റെ രണ്ടാം ഭാഗം എന്ന് തോന്നിച്ച കാപ്പയിലും പ്രിത്വിക്ക് പഴയ താന്തോന്നിയിലെ വടക്കന്‍ വീട്ടിലെ കുഞ്ഞൂഞ് ഡയലോഗുമായായിരുന്നു മത്സരിച്ചു തോല്‍ക്കേണ്ടി വന്നത്. എന്തിനാണ് പ്രത്വി തൊണ്ട കൊണ്ടു ജയന്‍ മിമിക്രി കാട്ടുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല. അത് പൃഥ്വിയുടെ സ്വഭാവിക ശബ്ദമല്ല എന്ന് ഇവിടെ ആര്‍ക്കാണ് അറിയാത്തത്? അതിനിടയില്‍ എല്ലാം പൂര്‍ത്തിയാക്കുന്നത് പോലെ കാപ്പയില്‍ ജയന്റെ ശബ്ദത്തിന് ലാലേട്ടന്റെ മാനറിസങ്ങള്‍ കൂടി ചേര്‍ത്ത് അഭിനയിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും സന്തോഷമായി. അച്ഛന്‍ ആനപ്പുറത് ഇരുന്നാല്‍ മകന്റെ ചന്തിയില്‍ തഴമ്പ് ഉണ്ടാവില്ല എന്നറിയാം. എങ്കിലും ഡയലോഗ് വീരന്‍ എന്നറിയപ്പെട്ടിരുന്ന ഒരു അച്ഛന്റെ മകന്‍ ഇന്ന് ഏറ്റവും ബുദ്ധിമുട്ടുന്നത് സ്വന്തം ശൈലിയില്‍ ഡയലോഗ് പറയാനാണെന്നത് വിധി തന്നെ.
ഇതിനിടയില്‍ ആരുമറിയാതെ വന്നു പോയ തീര്‍പ്പ് എന്ന മുരളി ഗോപിയുടെ മാസ്റ്റര്‍ പീസിലെ അഭിനയത്തെ കുറിച്ച് കൂടി ഒരു വാക്ക് പറയാതെ എങ്ങിനെ പോകും? മദ്യപിച്ചുകൊണ്ട് നടന്ന് പോകുന്ന ഒരു കൊച്ചു സീന്‍ പോലും സ്വഭാവികമായി അഭിനയിക്കാന്‍ അറിയാത്ത രീതിയില്‍ പ്രിത്വി മാറി പോയി എന്നതാണ് ഈ സിനിമ എന്നില്‍ ഉണ്ടാക്കിയ ഒരേയൊരു തോന്നല്‍. ഇതേ സിനിമയുമായായിരുന്നു സൗത്ത് ഇന്ത്യ 7 വര്‍ഷമായി കാത്തിരുന്ന പുത്രേട്ടന്റെ ഗോള്‍ഡ് ഏറ്റ് മുട്ടിയത്. ആര് ജയിച്ചു എന്നത് ഇന്നും ആര്‍ക്കും അറിയില്ല.
പ്രിത്വിയോട് ഇനി ഗോള്‍ഡും ബ്രോ ഡാഡിയും പോലെ കോമഡി വേഷം അഭിനയിക്കരുത് എന്ന് പറയാന്‍ ആകില്ല. കാരണം പിന്നത്തെ ഓപ്ഷന്‍ കടുവയും കാപ്പയും പോലുള്ള സീരിയസ് വേഷങ്ങള്‍ ആണ്. ഇങ്ങിനെ ഇടി വെട്ടിയവനെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിനിടയില്‍ വല്ലപ്പോഴും വന്നിരുന്ന മുംബൈ പോലീസും, അയ്യപ്പനും കോശി യും പോലുള്ള സിനിമകളുടെ തുടര്‍ച്ചയാകട്ടെ ഇനി വരാന്‍ പോകുന്ന ആട് ജീവിതം എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
പൃഥ്വിയെ പറ്റി വെട്ടുകിളിയുടെ ഒരു ഒബ്‌സെര്‍വേഷന്‍ കൂടി പറയാം. സ്റ്റാറുകള്‍ക്ക് മുന്‍പില്‍ തല കുനിക്കാത്തതും പണി അറിയാവുന്നതുമായ സീനിയര്‍ ഡയറക്ട്‌ടേഴ്‌സിന് മാത്രമേ ഇനി പൃഥ്വിയെ കൊണ്ടു നാച്ചുറല്‍ ആയി എന്തെങ്കിലും അഭിനയിപ്പിക്കാനാകൂ. ചെറു സംവിധായകര്‍ ഒക്കെ 200 കോടി സിനിമ പിടിച്ച ആള്‍ എന്ന ബഹുമാനം കൊടുക്കുന്നത് കൊണ്ടു പ്രിത്വി അവരെ സംവിധാനം ചെയ്ത് കളയും. കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളില്‍ വന്ന പൃഥ്വിയുടെ സിനിമകള്‍ സൂക്ഷിച്ചു നോക്കിയാല്‍ അത് കാണാം. ഇനിയും ഒരു കുറേ വര്‍ഷങ്ങള്‍ അത് തുടരുകയും ചെയ്യുമെന്നു പറഞ്ഞാണ് കുറി്പ് അവസാനിപ്പിക്കുന്നത്