മലയാള സിനിമയ്ക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച ജോണ്‍ പോള്‍ അന്തരിച്ചു

മലയാള സിനിമയുടെ ഇതിഹാസ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ജോണ്‍ പോള്‍. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോണ്‍പോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവന്‍…

മലയാള സിനിമയുടെ ഇതിഹാസ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ജോണ്‍ പോള്‍. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോണ്‍പോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി. ഇന്ന് ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളിലും ചാവറ കള്‍ച്ചറല്‍ സെന്ററിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്‌കാരം.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളില്‍ നിന്നായി ചികിത്സ സഹായമായി എത്തി. ജോണ്‍ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോണ്‍ പോളിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം വിട വാങ്ങിയത്. കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്ന ജോണ് പോള്‍ പിന്നീട് ജോലി രാജിവച്ചാണ് മുഴുവന്‍ സമയതിരക്കഥാകൃത്തായി മാറിയത്. പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.

നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതിയിട്ടുണ്ട്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ക്ക് ജോണ്‍പോള്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.