പാട്ടുപാടിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീണു മരിച്ചു..! ഗായകന്‍ കൊല്ലം ശരത്തിന് വിട..!

തിരുവനന്തപുരം സരിഗയിലെ പ്രധാന ഗായകനായിരുന്ന കൊല്ലം ശരത്ത് അന്തരിച്ച ദുഖ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗായിക എസ് ജാനകിയമ്മയുടേത് ഉള്‍പ്പെടെ നിരവധി സ്ത്രീ ഗായികമാരുടെ ശബ്ദം അനുകരിച്ച് ശ്രദ്ധ നേടിയ താരമായിരുന്നു അദ്ദേഹം.…

singer kollam sarath died

തിരുവനന്തപുരം സരിഗയിലെ പ്രധാന ഗായകനായിരുന്ന കൊല്ലം ശരത്ത് അന്തരിച്ച ദുഖ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗായിക എസ് ജാനകിയമ്മയുടേത് ഉള്‍പ്പെടെ നിരവധി സ്ത്രീ ഗായികമാരുടെ ശബ്ദം അനുകരിച്ച് ശ്രദ്ധ നേടിയ താരമായിരുന്നു അദ്ദേഹം. എ.ആര്‍.ശരത്ചന്ദ്രന്‍ നായര്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഗാനമേള വേദികളില്‍ കൗതുകം ഉണര്‍ത്തുന്ന ഈ ഗായകന്‍ കൊല്ലം ശരത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 52-ാം വയസ്സിലെ ഇദ്ദേഹത്തിന്റെ വിയോഗം ഗാനം ആലപിച്ചുകൊണ്ടിരിക്കെ തന്നെയായിരുന്നു. കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു ശരത്ത്.

പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും വേദിയില്‍ തന്നെ കുഴഞ്ഞ് വീഴുകയും ആയിരുന്നു. ഉടനെ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ദിലീപ് നായകനായി എത്തിയ ചാന്തുപൊട്ട് എന്ന ചിത്രത്തില്‍ ജാനകിയമ്മ പാടിയ ആഴക്കടലിന്റെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കെയാണ് മരണം അപ്രതീക്ഷിത അതിഥിയായി ആ വേദിയിലേക്ക് കടന്നു വന്ന് പ്രിയപ്പെട്ട ശരത്തിനെ കവര്‍ന്നത്. മലയാള സിനിമയിലെ പ്രിയപ്പെട്ട നടന്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം ശരത്ത് സരിഗയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാളുകള്‍ക്ക് മുന്‍പ് ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. അവിവാഹിതനാണ് ഇദ്ദേഹം. കൊല്ലം കുരീപ്പുഴ മണലില്‍ വയലഴകത്ത് വടക്കേത്തൊടിയാണ് ശരത്തിന്റെ സ്ഥലം. അമ്മ രാജമ്മയും സഹോദരി കുമാരിദീപയും അടങ്ങുന്നതായിരുന്നു ശരത്തിന്റെ കുടുംബം. ശരത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.