‘രാവിലെ എട്ടരയ്ക്കാണ് സിനിമ റിലീസ് ചെയ്തത്, ഒമ്പത് മണിയോടെ വിമര്‍ശനത്തിന്റെ വീഡിയോ കാണാന്‍ ഇടയായി്’ എസ് എന്‍ സ്വാമി

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ എസ്…

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ എസ് എന്‍ സ്വാമി തിരക്കഥയെഴുതിയ ചിത്രം കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ നടന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി.

‘ഡീഗ്രേഡിങ് വളരെ ഗൗരവമായിത്തന്നെ ഈ സിനിമയ്ക്കുണ്ടായിരുന്നു. പക്ഷെ അത് സിനിമയെ പ്രതികൂലമായി ബാധിച്ചില്ല. അതിന് ഒരേയൊരു കാരണം ഈ നാട്ടിലെ പ്രബുദ്ധരായ പ്രേക്ഷകരാണ്. അവരോടാണ് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീ ജനങ്ങളോട്. അവര്‍ ഒന്നടങ്കം ഈ സിനിമയെ ഇഷ്ടപ്പെടുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതാണ് ഈ സിനിമ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കളേയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രസ് ക്ലബ്ബില്‍ നടത്തിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എസ് എന്‍ സ്വാമി.

ഡിജിറ്റല്‍ മീഡിയയുടെ അതിപ്രസരമുള്ള സമയത്തല്ല താന്‍ ഇതിന് മുന്‍പ് സിനിമ ചെയ്തിരുന്നതെന്നും ആറേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സിനിമ ചെയ്യുന്നത്. ഒരു സിനിമയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും ടെക്നിക്കുകളും മാറിയ ഒരു കാലത്താണ് തങ്ങള്‍ ഈ സിനിമയുമായി എത്തിയത്. ഒരുപാട് കാര്യങ്ങള്‍ തനിക്ക് കൃത്യമായി അറിയില്ലായിരുന്നു, അനുഭവങ്ങളിലൂടെയാണ് പഠിച്ചതെന്നും അദ്ദേഹം പറയുന്നു.


അതേസമയം പല വിമര്‍ശകരും മനഃപൂര്‍വ്വം ചെയ്തതാണോ എന്നും അറിയില്ല, പറയാന്‍ പാടില്ലാത്ത പല സ്പോയിലേഴ്സും പറയുകയുണ്ടായി. അവരുടെ ഉദ്ദേശം വിമര്‍ശനമല്ല സിനിമയുടെ പ്രധാന ഭാഗങ്ങള്‍ മറ്റുള്ളവരെ അറിയിക്കുക എന്നതാണ്. അതിനെ ഒരു നല്ല വിമര്‍ശനമായി കാണാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിമര്‍ശനമല്ല, തനിക്കുള്ള ചെറിയ ഒരു വിഷമമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഒന്നാം തീയതി രാവിലെ എട്ടരയ്ക്കാണ് സിനിമ റിലീസ് ചെയ്തത്. ഒമ്പത് മണിയോടെ വിമര്‍ശനത്തിന്റെ വീഡിയോ കാണാന്‍ ഇടയായി. ഇതൊന്നും ഞങ്ങള്‍ക്ക് പരിചിതമല്ല. അറുപതില്‍ അധികം സിനിമകള്‍ക്ക് ഞാന്‍ തിരക്കഥ എഴുതി. അതില്‍ നാല്‍പതോളം സിനിമകളില്‍ മമ്മൂട്ടി നായകനായി, മോഹന്‍ലാല്‍ ഇരുപതോളം സിനിമകളിലും. അമ്ബിളി ചേട്ടന്‍ എന്ന ജഗതി ശ്രീകുമാറും 40-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രവണതകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.