Film News

കെ.മധു, എസ്.എന്‍ സ്വാമി എന്ന് കേള്‍ക്കുമ്പോള്‍ സേതുരാമയ്യറും സാഗര്‍ ഏലിയാസ് ജാക്കിയും മാത്രമല്ല..! ഈ സിനിമ കൂടി ഓര്‍ക്കണം..!

കാത്തിരിപ്പിനൊടുവില്‍ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സിബിഐ ദ ബ്രെയിന്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു സിനിമയെ കുറിച്ചാണ്. രാഹുല്‍ മാധവനാണ് ഈ അവസരത്തില്‍ മറ്റൊരു സിനിമയെ കുറിച്ച് കൂടി മലയാളി പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നത്. മലയാള സിനിമാ ലോകത്തെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ സിബിഐ സീരീസിനെ കുറിച്ച് പറയുമ്പോള്‍ കെ മധുവും എസ് എന്‍ സ്വാമിയും ഒന്നിച്ചെത്തിയ അടിക്കുറിപ്പ് എന്ന സിനിമയെ കുറിച്ചാണ് രാഹുല്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കെ.മധുവും എസ്.എന്‍ സ്വാമിയും എന്നു പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ സേതുരാമയ്യരും സാഗര്‍ ഏലിയാസ് ജാക്കിയുമൊക്കെ പെട്ടന്ന് ഓടിവരും. അത്രതന്നെ ഇല്ലെങ്കിലും അവര്‍ ഒന്നിച്ചതില്‍ പ്രേക്ഷകരെ തൃപ്തിപെടുത്തിയ മറ്റൊരു പടമായിരുന്നു അടിക്കുറിപ്പ് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നത്. നല്ലൊരു മിസ്റ്ററി ത്രില്ലെര്‍ ആയിരുന്നു ഈ ചിത്രമെന്ന് കുറിപ്പില്‍ പറയുന്നു. മമ്മൂട്ടി നായകനായ ഈ പടത്തിന്റെ കഥമാത്രം ജോസ് കുര്യനാണ് എഴുതിയത്. ഈ ചിത്രം നിര്‍മിച്ചത് തോമസ് മാത്യൂവാണ്. ജഗതി ചേട്ടന്റെ പതിവില്‍ നിന്നും വ്യത്യസ്തമായൊരു റോള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി. മമ്മൂട്ടി ഭാസ്‌കരപിള്ള എന്ന് പേരുള്ള അറിയപ്പെടുന്നൊരു വക്കീലായാണ് ചിത്രത്തില്‍ എത്തിയത്. കൊച്ചി പോര്‍ട്ടില്‍ ഒരു കപ്പല്‍ വരുന്നു.

അതിന്റെ ക്യാപ്റ്റന്‍ ജോണ്‍ ലാലു അലക്‌സാണ്. അദ്ദേഹം ജഗതി അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തെ കുറിച്ച് കസ്റ്റംസ് ഓഫീസറോട് പറയുന്നു. ബഷീറിനെ അവര്‍ക്ക് കടലില്‍ നിന്നും കിട്ടിയതാണ്. അയാള്‍ മലയാളിയാണ്. പക്ഷെ വേറെ ഒന്നും ഓര്‍മയില്ല. അയാളെ ഇവിടെ ഇറക്കാന്‍ ക്യാപ്റ്റന്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് വഴി ശ്രമിച്ചെങ്കിലും നടക്കുന്നില്ല… എന്നെല്ലാം.. അങ്ങനെ അവര്‍ വക്കീലായ പിള്ളയെ കാണുകയും അയാള്‍ ബഷീറിന്റെ ഫോട്ടോ പത്രത്തില്‍ കൊടുക്കുകയും ചെയ്യുന്നു. മിത്രങ്ങള്‍ അയാളെ തിരിച്ചറിഞ്ഞു വരാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത് എങ്കിലും വന്നത് ശത്രുക്കള്‍ ആയിരുന്നു.

ബഷീറിനെ കപ്പലില്‍ ചെന്ന് കൊല്ലാന്‍ ഗുണ്ടകള്‍ ശ്രമിക്കുകയൂം ക്യാപ്റ്റന്‍ അത് തടുക്കുകയും ചെയുന്നു. കളക്ടര്‍ വഴി അയാളെ ഇറക്കാന്‍ പിള്ള ശ്രമിച്ചെങ്കിലും ഗവണ്മെന്റ് അത് തടയുന്നു. അതിന് ശേഷം പിള്ളയെ ചിലര്‍ വെല്ലുവിളിക്കുന്നതിനെ തുടര്‍ന്ന് അയാള്‍ ക്ഷുഭിതനാകുകയും നിയമം വിട്ടു കളിക്കാന്‍ അയാള്‍ നിര്‍ബന്ധിതാനാവുകയും ചെയ്യുന്നു.മമ്മൂട്ടി, ജഗതി, സുകുമാരന്‍, ലാലു അലക്‌സ് എന്നീ താരങ്ങളുടെ മികച്ച പ്രകടനം ഈ സിനിമയില്‍ കാണാനായി.. കൂടാതെ സിനിമയുടെ ബിജിഎം, ക്യാമറ, എഡിറ്റിംഗ് എന്നീ മേഖലകളെ കുറിച്ചും കുറിപ്പില്‍ പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്.

Trending

To Top