സൂര്യയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ‘വടക്കുംനാഥന്‍’! കൈയ്യോടെ പിടികൂടി പോലീസ്

തെന്നിന്ത്യന്‍ താരം സൂര്യയുടെ പിറന്നാള്‍ ബലൂണും പോസ്റ്ററും കെട്ടി ആഘോഷിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെ കൈയ്യോടെ പിടിച്ച് പിഴ അടപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് കൊല്ലം ജില്ലയിലെ ചവറ കൊട്ടിയം റൂട്ടില്‍ സര്‍വീസ്…

തെന്നിന്ത്യന്‍ താരം സൂര്യയുടെ പിറന്നാള്‍ ബലൂണും പോസ്റ്ററും കെട്ടി ആഘോഷിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെ കൈയ്യോടെ പിടിച്ച് പിഴ അടപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് കൊല്ലം ജില്ലയിലെ ചവറ കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വടക്കുംനാഥന്‍ ബസിനാണ് പണികിട്ടിയത്.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണു വാഹനത്തില്‍ ബലൂണുകളും പോസ്റ്ററും പതിച്ചിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും കാണാന്‍ സാധിക്കാത്ത നിലയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്‌ഐ എം.ഷഹാലുദ്ദീന്‍ താലൂക്ക് കച്ചേരിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘത്തിനു നിര്‍ദേശം നല്‍കി വാഹനം അവിടെ വച്ചു പിടികൂടുകയായിരുന്നു.

വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും ട്രാഫിക് എസ്‌ഐ നേരിട്ട് എത്തി നീക്കം ചെയ്യിപ്പിച്ചു. ഒപ്പം അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയതിനു പിഴ ഈടാക്കിയ ശേഷം ബസ് വിട്ടു നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പും നല്‍കി.