ഗംഭീര പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരുന്ന സമയമാണ്. കടുവയും, പാപ്പനും തീയറ്ററുകളില്‍ വലിയ വിജയമായത് തന്നെ പ്രേക്ഷകര്‍ അത്തരം സിനിമകള്‍ കാണാന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നു എന്ന സൂചനയാണ്…

മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരുന്ന സമയമാണ്. കടുവയും, പാപ്പനും തീയറ്ററുകളില്‍ വലിയ വിജയമായത് തന്നെ പ്രേക്ഷകര്‍ അത്തരം സിനിമകള്‍ കാണാന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഈ ഒരവസരത്തിലാണ് വലിയ മുതല്‍ മുടക്കുമായി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘തല്ലുമാല’ തീയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. കളര്‍ഫുള്‍ എന്റര്‍ടൈനര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന സിനിമ ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസ് , കല്യാണി പ്രിയദര്‍ശന്‍ , ഷൈന്‍ ടോം ചാക്കോ , ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രൊമോഷന്‍ പരിപാടികളും ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.

തിരുവനന്തപുരം ലുലു മാളില്‍ വച്ച് നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിനിമയിലെ താരങ്ങള്‍ ഒക്കെ തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘തല്ലുമാല’ സ്പെഷ്യല്‍ ടീ ഷര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ വൈറലാണ്. മൈ ഡെസിഗ്‌നേഷനുമായി ചേര്‍ന്നാണ് തല്ലുമാല സംഘം ടീ ഷര്‍ട്ട് പുറത്തിറക്കിയത്.സൗത്ത് ഇന്ത്യയില്‍ ആദ്യമായാണ് സിനിമ പ്രൊമോഷന് റെയിന്‍ ബോ റിഫ്‌ളക്ടീവ് പ്രിന്റ് ഉപയോഗിച്ചുള്ള ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. അടുത്ത കാലത്ത് തങ്ങള്‍ക്ക് ഏറ്റവുമധികം റെസ്‌പോണ്‍സ് ലഭിച്ച പ്രൊഡക്ടുകളില്‍ ഒന്ന് തല്ലുമാലയുടെ ടീ ഷര്‍ട്ടുകളാണ് എന്നാണ് മൈ ഡെസിഗ്‌നേഷന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കുറുപ്പ് , കടുവ , മഹാവീര്യര്‍ എന്നീ സിനിമകളുടെയും ഒഫിഷ്യല്‍ മര്‍ച്ചന്‍ഡൈസര്‍ പാര്‍ട്ണര്‍മാരായിരുന്നു മൈ ഡെസിഗ്‌നേഷന്‍.

ലുലു മാളിലെ ചടങ്ങിന് ശേഷം ദുബായിയില്‍ എത്തി ചേര്‍ന്ന തല്ലുമാല സംഘത്തിന് അവിടെയും ലഭിച്ചത് വലിയ സ്വീകരണമാണ്.പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയി മാളില്‍ എല്‍ ഈ ഡി ഷോയും നടന്നു. ജി സി സി യില്‍ ആരംഭിച്ച ബുക്കിങ്ങിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മണവാളന്‍ വസീം, വ്‌ലോഗര്‍ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയും കല്ല്യാണിയും എത്തുന്നത്.സിനിമയുടെ ഗാനങ്ങള്‍ക്കും ട്രെയിലറിനും വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച് കഴിഞ്ഞു. ഓണ്‍ലൈന്‍ പീ. ആര്‍ സുനിത സുനില്‍.