ആടിത്തിമര്‍ക്കാന്‍ തല്ലുമാലയിലെ ‘ണ്ടാക്കിപ്പാട്ട്’; ടൊവിനോയുടെ തകര്‍പ്പന്‍ ഡാന്‍സ് കണ്ട് അമ്പരന്ന് ആരാധകര്‍

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം തല്ലുമാലയിലെ തകര്‍പ്പന്‍ പാട്ട് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ടൊവിനോ, ഷൈന്‍ ടോം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്,…

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം തല്ലുമാലയിലെ തകര്‍പ്പന്‍ പാട്ട് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ടൊവിനോ, ഷൈന്‍ ടോം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്സിന്‍ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിന്‍ ഡാന്‍, ലുക്മാന്‍ അവറാന്‍, അദ്രി ജോ, ഗോകുലന്‍, ബിനു പപ്പു എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് ചിതത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നാലാമത്തെ പാട്ടായ ‘ണ്ടാക്കിപ്പാട്ട്’ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ടോവിനോ തോമസിന്റെ കിടിലന്‍ ഡാന്‍സാണ് പാട്ടിന്റെ ഹൈലൈറ്റ്. നേരത്തേ പുറത്തുവിട്ട മൂന്ന് പാട്ടുകളും ട്രെന്‍ഡിങ്ങായിരുന്നു. ‘കണ്ണില്‍ പെട്ടോളേ’,’തല്ലുമാല പാട്ട്’, ‘ഓളെ മെലഡീ’ എന്നീ പാട്ടുകളായിരുന്നു നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ ണ്ടാക്കിപ്പാട്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്രേം എന്‍നര്‍ജിയുള്ളൊരു പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

തന്റെ ചിത്രങ്ങളില്‍ ഡാന്‍സ് ചെയ്യാത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടൊവിനോ ഇപ്പോള്‍ അതിന് വേണ്ടി പരിശ്രമിക്കുന്നതിനെയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. ചിത്രത്തിലെ തന്നെ കണ്ണില്‍ പെട്ടോളെ എന്ന ഗാനത്തിലും നൃത്തച്ചുവടുകളുമായി ടൊവിനോ എത്തിയിരുന്നു.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.