ആമയ്ക്ക് 100ാം പിറന്നാള്‍!!! മൂന്ന് ദിവസം പാര്‍ട്ടി നടത്തി ഗംഭീര ആഘോഷം

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവിയാണ് ആമ. നൂറു വയസ്സ് തികച്ച ഒരു ആമയുടെ ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ് കാനഡയിലെ ഹാലിഫാക്‌സിലെ മ്യൂസിയം. ആഘോഷമെന്ന് പറഞ്ഞാല്‍ ശരിയ്ക്കും മൂന്ന് ദിവസം അടിച്ചുപൊളി പാര്‍ട്ടി നടത്തിയാണ് ആഘോഷം. ഗസ്…

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവിയാണ് ആമ. നൂറു വയസ്സ് തികച്ച ഒരു ആമയുടെ
ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ് കാനഡയിലെ ഹാലിഫാക്‌സിലെ മ്യൂസിയം. ആഘോഷമെന്ന് പറഞ്ഞാല്‍ ശരിയ്ക്കും മൂന്ന് ദിവസം അടിച്ചുപൊളി പാര്‍ട്ടി നടത്തിയാണ് ആഘോഷം.

ഗസ് എന്ന ഗോഫര്‍ ആമയാണ് 100 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1940 മുതല്‍ കാനഡയിലെ ഹാലിഫാക്‌സിലെ മ്യൂസിയത്തില്‍ കഴിയുന്ന ആമയാണ്. നോവ സ്‌കോട്ടിയ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയാണ് വെള്ളി, ശനി, ഞായര്‍ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി ഗസിന്റെ ബെര്‍ത് ഡേ ആഘോഷിക്കുന്നത്.

‘ആളുകള്‍ക്ക് മ്യൂസിയം സന്ദര്‍ശിച്ച് ആഘോഷിക്കാനുള്ള അവസരമാണ് ഇത്’ എന്ന് മ്യൂസിയം മാനേജര്‍ ജെഫ് ഗ്രേ അറ്റ്‌ലാന്റിക് മാധ്യമങ്ങളോട് പറഞ്ഞു.

ആഘോഷങ്ങളില്‍ ഗസിനോടുള്ള ബഹുമാനാര്‍ത്ഥം പ്രത്യേക കടലാമകളില്‍ നിന്നുമുള്ള കൗരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, മ്യൂസിയം ടൂറുകള്‍, ജന്മദിന കപ്പ് കേക്കുകളുടെ വിതരണം എന്നിവയെല്ലാം ഉണ്ടാകും.

1940ല്‍ ഫ്‌ലോറിഡയിലെ സില്‍വര്‍ സ്പ്രിംഗ്സിലെ റോസ് അലന്‍ റെപ്റ്റൈല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഗസ് ജനിച്ചത്. പിന്നീട്, നോവ സ്‌കോട്ടിയ പ്രൊവിന്‍ഷ്യല്‍ മ്യൂസിയത്തിന്റെ ഡയറക്ടറായ ഡോണ്‍ ക്രൗഡിസ് അഞ്ച് ഡോളറിന് ഗസിനെ വാങ്ങിച്ചു. 1942 ലാണ് ഗസിനെ കാനഡയിലേക്ക് കൊണ്ടുവന്നത്.

സാധാരണ ആവാസവ്യവസ്ഥയില്‍ ഗോഫര്‍ ആമകളുടെ ആയുസ്സ 40 മുതല്‍ 80 വര്‍ഷം വരെയാണ്. എന്നാല്‍, പ്രത്യേക പരിചരണം നല്‍കിയതിനാലാവും
ഗസ് ഇത്ര വയസ് വരെ ജീവിക്കാന്‍ കാരണമെന്ന് ജെഫ് ഗ്രേ പറയുന്നു. ഗസിന് ബ്ലൂബെറി, ലെറ്റൂസ്, വാഴപ്പഴം എന്നിവയാണ് ഇഷ്ടം.

‘എത്ര കാലം ഗസ് നമ്മുടെ കൂടെ ഉണ്ടാകും എന്ന് അറിയില്ലല്ലോ, അത് കൊണ്ട്
അവനോടൊപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.