Film News

‘ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറയുമ്പോള്‍ ചിരിച്ച പോലെ വേറൊരു സ്‌ക്രിപ്റ്റ് കേട്ടിട്ടും ഞാന്‍ ചിരിച്ചിട്ടില്ല’- വിനീത്

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി ആരാധകരുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റെ ഇന്റര്‍വ്യൂകള്‍ പെട്ടെന്നാണ് വൈറലായി മാറാറ്. ധ്യാനിന്റെ ഇന്റര്‍വ്യൂനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍. ‘ധ്യാനിന്റെ ഇന്റര്‍വ്യൂ എല്ലാവരും എന്‍ജോയ് ചെയ്യുന്നുണ്ട്. അച്ഛനടക്കം. അച്ഛന്‍ അമൃതയില്‍ അഡ്മിറ്റായ സമയത്ത് ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ട് ഫുള്‍ ചിരിക്കുകയായിരുന്നു. ചിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. അവന്‍ കഥ പറയാന്‍ മിടുക്കനാ. ഇപ്പോ..ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുന്ന സമയത്ത് അതിന്റെ കഥ അവന്‍ എന്റെടുത്ത് പറയുമ്പോള്‍ ഞാന്‍ ചിരിച്ചപോലെ ഞാന്‍ വേറൊരു സ്‌ക്രിപ്റ്റ് കേട്ടിട്ടും ഞാന്‍ ചിരിച്ചിട്ടില്ല. ആ പടമൊന്നുമല്ല വന്നത്. ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്ന സമയത്ത് ഞാന്‍ കുറേ ചിരിച്ചിട്ടുണ്ട്. അതൊക്കെ സിനിമയില്‍ വന്നിരുന്നെങ്കില്‍ ആള്‍ക്കാര്‍ ചിരിച്ചു മറിഞ്ഞേനെയെന്നും വിനീത് പറഞ്ഞു.

മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു നടന്‍. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ അഡ്വ. മുകുന്ദനുണ്ണി എന്ന ഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. ഈ പേജിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിശ്വജിത്ത് ഒടുക്കത്തിലാണ് ക്യാമറ ചെയ്തത്. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് ചെയ്തത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം.

Trending

To Top