‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’; വൈറലായി വിനീത് ശ്രീനിവാസന്റെ പോളണ്ട് ചിത്രം

ചില സിനിമ ഡയലോഗുകള്‍ എത്രകാലം കഴിഞ്ഞാലും മലയാളികള്‍ മറക്കാറില്ല, ചില ഡയലോഗുകള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കാറുമുണ്ട്. അതില്‍ ഒന്നാണ് ‘പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്’ എന്ന ഡയലോഗ്. 1991ല്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട്…

ചില സിനിമ ഡയലോഗുകള്‍ എത്രകാലം കഴിഞ്ഞാലും മലയാളികള്‍ മറക്കാറില്ല, ചില ഡയലോഗുകള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കാറുമുണ്ട്. അതില്‍ ഒന്നാണ് ‘പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്’ എന്ന ഡയലോഗ്. 1991ല്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രത്തിലെ ഡയലോഗാണിത്. ഇപ്പോഴിതാ ഈ ഡയലോഗ് വീണ്ടും വൈറലായിരിക്കുകയാണ്. കാരണം എന്താണെന്നല്ലേ?

മലയാളികളുടെ മനസില്‍ ഇടം നേടിയ ഈ ഡയലോഗ് അങ്ങു പോളണ്ടില്‍ പോയി പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഇന്‍സ്റ്റഗ്രാമില്‍ വിനീത് പങ്കുവെച്ച ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോളണ്ട് യാത്രക്കിടെ വിനീത് ശ്രീനിവാസന്‍ എടുത്ത ഫോട്ടോയാണിത്.

ആര്‍.ജെ മാത്തുക്കുട്ടി നല്‍കിയ ശ്രീനിവാസന്റെ ഫോട്ടോയും ഡയലോഗും പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് അണിഞ്ഞാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ടീ ഷര്‍ട്ട് നല്‍കിയ ആര്‍.ജെ മാത്തുക്കുട്ടിക്ക് വിനീത് ശ്രീനിവാസന്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.

തന്റെ പ്രിയപ്പെട്ട ചിത്രമാണ് സന്ദേശമെന്നും, വീണ്ടും വീണ്ടും കാണും തോറും ഇഷ്ടം കൂടി വരുന്ന ചിത്രമാണെന്നും വിനീത് ശ്രീനിവാസന്‍ നേരത്തേ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴതാ ആ ഇഷ്ടം വെളിവാക്കുന്നതാണ് പുതിയ ചിത്രം.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമയാണ് വിനീത് ശ്രീനിവാസന്റേതായി അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രശസ്ത ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.