ഇനി അത് ചെയ്യരുത്: ഫിലിം കംപാനിയന് എതിരെ പൊട്ടിത്തെറിച്ച് യാമി ഗൗതം

ഫിലിം കംപാനിയന് എതിരെ പൊട്ടിത്തെറിച്ച് നടി യാമി ഗൗതം. തന്റെ പുതിയ ചിത്രത്തെ കുറിച്ച് ഫിലിം കംപാനിയന്‍ നടത്തിയ നിരൂപണമാണ് താരത്തെ ചൊടുപ്പിച്ചത്. ഇനി മേലില്‍ തന്നെക്കുറിച്ച് ഇത്തരത്തിലുള്ള നിരൂപണങ്ങള്‍ നടത്തരുതെന്നും വലിയ കഷ്ടപ്പാടുകള്‍…

ഫിലിം കംപാനിയന് എതിരെ പൊട്ടിത്തെറിച്ച് നടി യാമി ഗൗതം. തന്റെ പുതിയ ചിത്രത്തെ കുറിച്ച് ഫിലിം കംപാനിയന്‍ നടത്തിയ നിരൂപണമാണ് താരത്തെ ചൊടുപ്പിച്ചത്. ഇനി മേലില്‍ തന്നെക്കുറിച്ച് ഇത്തരത്തിലുള്ള നിരൂപണങ്ങള്‍ നടത്തരുതെന്നും വലിയ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും താരം പറയുന്നു.

ട്വിറ്ററില്‍ ഫിലിം കംപാനിയന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു യാമിയുടെ പ്രതികരണം.

‘യാമി ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ സ്ഥിരം കൊല്ലപ്പെടുന്ന നായികയല്ല. പക്ഷെ അവരുടെ മൂല്യമുള്ള ഒരേയൊരു സംഗതി, ആ പുഞ്ചിരി ഇവിടെയും ആവര്‍ത്തിക്കുന്നു,’ എന്നായിരുന്നു റിവ്യൂവിലെ പരാമര്‍ശം.

തനിക്ക് എതരെ ഉയരുന്ന സ്ഥിരം വിമര്‍ശനങ്ങള്‍ക്കൊപ്പം സ്ഥിരമായി ഫിലിം കംപാനിയില്‍നിന്നുള്ള പരിഹാസവും താരത്തെ ചൊടിപ്പിച്ചതായാണ് വിലയിരുത്തല്‍. അതുകൊണ്ടാവാം ഇത്തവണ പ്രതികരിക്കാന്‍ യാമിയെ പ്രേരിപ്പിച്ചതെന്നും സിനിമ വൃത്തങ്ങള്‍ പറയുന്നു.

‘സാധാരണയായി ക്രിയാത്മക വിമര്‍ശനത്തെ എന്റെ വളര്‍ച്ചയ്ക്ക് വേണ്ടി എടുക്കാറുണ്ടെന്ന് ഞാന്‍ എന്തെങ്കിലും പറയുന്നത് മുമ്പ് വ്യക്തമാക്കട്ടെ. പക്ഷെ ഒരു പ്രത്യേക പ്ലാറ്റ്ഫോം നിരന്തരമായി നമ്മളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുമ്പോള്‍ അതേപറ്റി സംസാരിക്കേണ്ടത് അത്യാവശമാണെന്ന് കരുതുന്നു. ഇത് വലിയ അനാദരവാണ്.

പലരെയും പോലെ ഒരിക്കല്‍ ഞാനും ഫിലിം കംപാനിയന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ വളരെക്കാലമായി ഇപ്പോള്‍ ഞാനത് ശ്രദ്ധിക്കാറില്ല. ഇനി മുതല്‍ എന്റെ പ്രകടനം അവലോകനം ചെയ്യരുതെന്ന് ഞാന്‍ ഫിലിം കംപാനിയനോട് അഭ്യര്‍ത്ഥിക്കുന്നു. അത് വേദന കുറയ്ക്കും. എന്നിങ്ങനെ ആയിരുന്നു യാമിയുടെ പ്രതികരണം. ആരാധകരും യാമിയ്ക്ക് പിന്തുണയുമായി എത്തിയതോടെ ഫിലിം കംപാനിയന്‍ വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Yami-03
Yami-03

ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് യാമി ഗൗതം.

2012 ല്‍ യാമി ഗൗതം വിക്കി ഡൊണാര്‍ എന്ന ചിത്രത്തിലൂടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം നടത്തി. ചിത്രം വാണിജ്യപരമായി വിജയമായിത്തീരുകയും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചിത്രത്തിലെ യാമിയുടെ മികച്ച പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

സൗന്ദര്യ കാര്യത്തില്‍ ഏറെ ശ്രദ്ധയും കരുതലുമുള്ളവരാണ് നടിമാര്‍ എന്നിരിക്കെ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു കൊണ്ട് 2021 ല്‍ യാമി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്റെ ആരാധകരെ അറിയിച്ചത്.

ചെറിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ പോലും എപ്പോഴും മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന സിനിമ ലോകത്ത് തന്റെ കുറവുകളെ ധൈര്യപൂര്‍വം വെളിപ്പെടുത്തിയ താരം അന്ന് ആരാധകരുടെ കൈയടി നേടുകയും ചെയ്തിരുന്നു.

കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച യാമി ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും അന്ന് പങ്കുവെച്ചിരുന്നു.